ഒടിയന്റെ ക്ഷീണം തീർക്കാൻ ‘മിഷൻ കൊങ്കൺ’! ; ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമ ചെയ്യാൻ വീണ്ടും ശ്രീകുമാർ മേനോൻ
1 min read

ഒടിയന്റെ ക്ഷീണം തീർക്കാൻ ‘മിഷൻ കൊങ്കൺ’! ; ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമ ചെയ്യാൻ വീണ്ടും ശ്രീകുമാർ മേനോൻ

മീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെതായി ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച് റിലീസ് ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. പരസ്യചിത്ര സംവിധായകനയാ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഒടിയന്‍. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനുകളിലുമെല്ലാം റെക്കോര്‍ഡായിരുന്നു ഒടിയന്‍ എന്ന ചിത്രം സൃഷ്ടടിച്ചത്. പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്തയാണ് ഒടിയനു ശേഷം വി എ ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം വന്‍ ചര്‍ച്ചായായി മാറിയിരിക്കുകയാണ് ഇത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിഷന്‍ കൊങ്കണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്.

ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പ്രഖ്യാപന സമയത്ത് ശ്രീകുമാര്‍ അറിയിച്ചത്. താരനിരയെക്കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മ്മാണം.

മോഹന്‍ലാല്‍ ഗസ്റ്റ് റോളിലാണ് എത്തുന്നതെന്നും വാര്‍ത്തകള്‍ ഉണ്ട്. കായം കുളം കൊച്ചുണ്ണി എന്ന സിനിമയില്‍ ഇത്തിക്കര പക്കിയായി എത്തിയതുപോലെ ഒരു ഗസ്റ്റ് റോളായിരിക്കും മോഹന്‍ ലാലിന്റേതെന്നും പറയുന്നു. ചിത്രത്തിനെ കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നതിന് മോഹന്‍ലാലിനെ ഉപയോഗിക്കാം എന്ന രീതിയിലാണ് ഈ ടീം ഉദ്ദേശിക്കുന്നതെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. ബോളിവുഡ് താരം രണ്‍ദീപ് ഹൂദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം.

ബിഗ് ബജറ്റ് ചിത്രമായിരിക്കും കൊങ്കണ്‍ മിഷന്‍. പേര് സൂചിപ്പിക്കുന്നപോലെ കൊങ്കണ്‍ റെയില്‍വേയാണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ‘മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം’, 2020 സെപ്റ്റംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശ്രീകുമാര്‍  അറിയിച്ചിരുന്നത് ഇങ്ങനെയായിരുന്നു.