‘ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍’; മാളികപ്പുറം കണ്ടശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന്‍
1 min read

‘ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍’; മാളികപ്പുറം കണ്ടശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകള്‍ കാത്തുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച് കെ സുരേന്ദ്രന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

May be an image of 2 people, beard and people standing

ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ അനുഭവമാണ് മാളികപ്പുറം എന്ന സിനിമ സമ്മാനിച്ചതെന്നാണ് സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന ചിത്രത്തിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നും, രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണെന്നും സുരേന്ദ്രന്‍ കുറിക്കുന്നു. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

May be an image of 3 people, people standing and outdoors

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

May be an image of 2 people, beard, child and text

അതേസമയം, കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

May be a close-up of 1 person and child