‘ബാലയ്ക്ക് 2ലക്ഷം രൂപ പ്രതിഫലം നല്‍കി’ ; തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍
1 min read

‘ബാലയ്ക്ക് 2ലക്ഷം രൂപ പ്രതിഫലം നല്‍കി’ ; തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍

സിനിമയില്‍ അഭിനയിച്ച തനിക്ക് നിര്‍മ്മാതാക്കള്‍ പ്രതിഫലം തന്നില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങള്‍ തളളി ഉണ്ണി മുകുന്ദന്‍ രംഗത്ത്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും, അതുപോലെ ബാലയ്ക്കും പ്രതിഫലമായി 2 ലക്ഷം രൂപ നല്‍കിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തല്‍.

ഛായാഗ്രാഹകന് ഏഴുലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. ബാലയ്ക്ക് ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ഉണ്ണിമുകുന്ദന്‍ പത്രസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഉണ്ണിമുകുന്ദന്റെ മറുപടി ഇങ്ങനെ….

‘ബാലയ്ക്കുള്ള മറുപടി എന്നല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി വ്യക്തത വരുത്താനാണ് ഇങ്ങനെയൊരു പത്ര സമ്മേളനം എന്ന് പറഞ്ഞാണ് ഉണ്ണിമുകുന്ദന്‍ പത്രസമ്മേളനം തുടങ്ങിയത്. ചിത്രത്തിലെ ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം നല്‍കിയെന്നും എന്നാല്‍ ആദ്യം എട്ട് ലക്ഷമായിരുന്നു അദ്ദേഹത്തിന് പറഞ്ഞുവച്ചിരുന്ന തുക. പിന്നീട് ലൈന്‍ പ്രൊഡ്യൂസറും അദ്ദേഹവും തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം അത് ഏഴ് ലക്ഷമാക്കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അണിയറ പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കിയില്ല എന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല. എന്റെ അടുത്ത സുഹൃത്താണ് ബാല, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാനാണ് ബാലയെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ബാല മുമ്പ് സംവിധാനം ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ ചിത്രം ബാലയായിരുന്നു നിര്‍മ്മിച്ചത്. ആ ചിത്രവുമായി ബന്ധപ്പെട്ടാണ് ടിനി ടോമും പിഷാരടിയും ട്രോള്‍ രൂപേണ ഒരു തമാശ ഒരുക്കിയത്. പക്ഷേ ആ ട്രോളില്‍ വന്ന പേരിലുള്ള ആരും ആ സിനിമയില്‍ അഭിനയിച്ചില്ല.

ഞാന്‍ മാത്രമാണ് അതില്‍ അഭിനയിക്കാന്‍ പോയത്. അന്ന് മല്ലു സിങ് ഹിറ്റായി നില്‍ക്കുന്ന സമയത്താണ് ആ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. അതും ഒരു സുഹൃത്തായി. അഞ്ച് ദിവസം ആ സിനിമയില്‍ ഒരു ശവശരീരമായി അഭിനയിച്ചു. ആ സിനിമയ്ക്ക് ഞാന്‍ പ്രതിഫലം മേടിച്ചില്ല. സൗഹൃദം എന്തെന്ന് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ എത്രയോ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതൊരു മഹത്തായ കാര്യമാണെന്നും വിശ്വസിക്കുന്നില്ല. ബാലയുടെ രണ്ടാം വിവാഹം നടന്ന സമയത്ത് അവിടെ പോയ ഏക നടന്‍ ഞാനാണ്. അതും സുഹൃദ്ബന്ധം വച്ചു തന്നെയാണ് പോയത്. വ്യക്തിജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ എത്തി നോക്കിയിട്ടില്ല. മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും. ബാല എന്നും അടുത്ത സുഹൃത്ത് തന്നെയാണ്. ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.