പന്ത്രണ്ടു വർഷത്തെ ശ്രമം, നൂറോളം ഒഡിഷനുകൾ ഒടുവിൽ ‘ആഹാ’യിലെത്തി പുതുമുഖനടൻ നിതിൻ തോമസ് മനസുതുറക്കുന്നു; അഭിമുഖം
1 min read

പന്ത്രണ്ടു വർഷത്തെ ശ്രമം, നൂറോളം ഒഡിഷനുകൾ ഒടുവിൽ ‘ആഹാ’യിലെത്തി പുതുമുഖനടൻ നിതിൻ തോമസ് മനസുതുറക്കുന്നു; അഭിമുഖം

വടം വലി പ്രമേയമാക്കി തിയ്യറ്ററിൽ എത്തിയ ചിത്രമായ ‘ആഹാ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിതിൻ തോമസ് എന്ന നടൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നു. 2012ൽ പുറത്തിറങ്ങിയ ലിറ്റിൽ മാസ്റ്റർ,നിശബ്‌ദം എന്ന തമിഴ് ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആഹാ എന്ന ചിത്രത്തിൽ ഒരു അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് നിതിൻ തോമസ് എത്തിയിട്ടുള്ളത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഓൺലൈൻ പീപ്സിനോടൊപ്പം എത്തുന്നു.

‘ആഹാ’പ്രേക്ഷകർ സ്വീകരിച്ചതോടെ അഭിനയത്തിലും, ജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ?

അഭിനയത്തിൽ ഉണ്ടായ മാറ്റം എന്നാൽ കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ കൂടെ പറയേണ്ടി വരും. ആഹാ എന്ന ചിത്രം ഇതു വരെ ചെയ്തതിൽ വെച്ച് ഒരു വലിയ ചിത്രമാണ്,സ്റ്റാർ കാസറ്റ് ഉള്ള സിനിമകൂടിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രാധാന്യം നൽകുന്ന സിനിമയാണ് ഇത്. നടൻ എന്ന രീതിയിൽ പ്രേക്ഷകർക്കിടയിൽ അറിയാൻ കാരണമായ ചിത്രമാണ് ആഹാ. മനോജ്‌ കെ ജയൻ, ഇന്ദ്രജിത്ത് പോലുള്ള ലെജന്ററി നടന്മാരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു എന്നതും വലിയ ഡയലോഗുകൾ പറയാൻ സാധിച്ചു എന്നതുമാണ് വലിയ കാര്യം. ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം എന്നു പറഞ്ഞാൽ ഞാൻ എന്റെ ജീവിതത്തിലെ വലിയ ലക്ഷ്യത്തിന്റെ അടുത്തോട്ടു എത്തിച്ചേർന്നു എന്നതാണ്. ജീവിതത്തിൽ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ നടന്നു.

സിനിമാജീവിതം തെരഞ്ഞെടുത്തപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെ?

സിനിമ എന്നൊരു മേഖല തിരഞ്ഞെടുത്തപ്പോൾ എന്റെ ചുറ്റിലുമുള്ള ആരും ഇല്ലാത്ത ഒരു മേഖലയായിരുന്നു. അതു കൊണ്ടു തന്നെ ഈ ഒരു പാഷൻ മുന്നോട്ടു കൊണ്ടു പോവുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. അതിനെ തരണം ചെയ്ത് മുന്നേറുക എന്നത് നിസാരമായിരുന്നില്ല. കുടുംബത്തിന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഒരു തുടക്കം ആയിരുന്നു സിനിമ എന്നത് സാമ്പത്തികമായി ഒരു ഉയർന്ന പ്രതിഫലം നമ്മക്ക് പ്രധീക്ഷിക്കാൻ കഴിയില്ല.

ഫിനാൻഷ്യൽ സ്റ്റബിലിറ്റി എന്നത് എല്ലാവരേയും പോലെ ഒരു ആക്ടർക്കും പ്രാധാന്യമുള്ളതാണ്. അതില്ലാതെ,അതു പോലെ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ക്ഷമ എന്നൊരു കാര്യം വെച്ചാണ് അതിനെ ഓവർകം ചെയ്തത് എന്നതാണ് നിസാരമല്ല അതൊന്നും. നമ്മളുടെ പാഷനെ നെഞ്ചോട് ചേർത്തു തന്നെ മുന്നോട്ടു പോവണം എന്നുണ്ടെങ്കിൽ നമ്മുക്ക് നേരെ വരുന്ന ഏതു വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോവണം എന്നതാണ് ഇല്ലങ്കിൽ മുന്നോട്ടു പോവാൻ കഴിയില്ല.

സീനിയർ താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ?

ഒരിക്കലും ഒരു പുതുമുഖ നടന്നായിട്ടല്ല അവർ എന്നെ കണ്ടിരുന്നത്. ഇന്ദ്രേട്ടൻ ആയാലും മനോജേട്ടൻ ആയാലും അവരിൽ ഒരാളായിട്ടാണ് കണ്ടിട്ടുള്ളത്. അവരുടെ ലൊക്കേഷൻ അനുഭവങ്ങൾ നമ്മളോട് പങ്കുവെക്കുക തമാശകൾ പറയുന്നു പാട്ടുകൾ പാടുക, അവരിൽ ഒരാളാക്കി മാറ്റുക എന്നതു തന്നെ ആയിരുന്നു. പുതിയ ഒരാളായി അവർ എന്നെ കണ്ടിട്ടേയില്ല ചിത്രം പൂർത്തിയാവുന്നതുവരെ എല്ലായിപ്പോഴും കൂടെ തന്നെ ആയിരുന്നു. അഭിനയിക്കുന്ന സമയത്ത് പറഞ്ഞു തരുമായിരുന്നു, നന്നായി മോട്ടിവേറ്റ് ചെയുമായിരുന്നു. മനോജേട്ടനൊക്കെ നല്ല എനർജി ആണ്. ആ ഒരു എനർജി നമ്മളിലോട്ടും പകർന്നുതരുമായിരുന്നു. അവരുടെ കൂടെ ഉള്ള അഭിനയം എന്നാൽ ഒരു നടൻ എന്ന നിലയിൽ എന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു മുതൽ കൂട്ടാണ് എനിക്ക്.

ഇനിയുള്ള സിനിമ ജീവിതത്തിലെ പ്രതീക്ഷകൾ?

പാക്കാൻ ബിജു എന്ന കഥാപാത്രം അത്രയേറേ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു മുതൽ കൂട്ടാണ് ഈ കഥാപാത്രം. മുന്നോട്ടു പോവുമ്പോൾ ആഹാ എന്നാ ചിത്രത്തിലെ ഒരു അഭിനേതാവാണ് എന്നു പറയുമ്പോൾ തീർച്ചയായും എന്നെ തിരിച്ചറിയും. പാക്കാൻ ബിജു പ്രേക്ഷകരിലേക് എത്തുന്നുണ്ട് അതിന്റെ ഒരു വാല്യൂ ലഭിക്കുന്നുണ്ട് എന്നതാണ്. ഈ കഥാപാത്രത്തിലൂടെ എന്നെ തിരിച്ചറിയുന്നുണ്ട് എന്നതാണ്.

 

 

ദുൽഖർ സൽമാന്റെ ‘സല്യൂട്ടി’ലെ വേഷം കരിയറിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?

 

 

സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖർ ആയിട്ടുള്ളു ഒരു കോമ്പിനേഷൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ദുൽഖർ സൽമാനെ പോലെയുള്ള ഒരു സ്റ്റാറിന്റെ കൂടെ ഒരു സ്‌ക്രീനിൽ എത്താനും അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ അഭിനയിക്കാനും റോഷൻ അൻട്രോസ് സംവിധാനം ചെയുന്ന ചിത്രത്തിൽ അഭിനയിക്കുക എന്നത് ഒരു അഭിനയത്തിന്റെ തുടക്കകാരൻ എന്ന രീതിയിൽ വലിയ ഒരു നേട്ടമാണ്. ഇത് ഭാവിയിൽ ഒരു വലിയ നേട്ടമായിരിക്കും.

ആഹാ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ആണ് ആ ഒരു കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തത് അതുപോലെ സല്യൂട്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തെയും ശ്രദ്ധിക്കപെടും എന്നാണ് പ്രധീക്ഷ.

ഭാവിയിൽ ഏതുതരത്തിലുള്ള ഒരു നടനായി അറിയപ്പെടാനാണ് താൽപര്യം?

 

നായക വേഷം അഭിനയിക്കുക എന്നതാണ്. അതിലേക് എത്തിപ്പെടാൻ വേണ്ടിയാണ് നമ്മൾ വില്ലൻ വേഷം,സഹനടൻ, ഹാസ്യനടൻ, എല്ലാ വേഷങ്ങളും ചെയ്യേണ്ടിവരുന്നത്. ഞാൻ അതെല്ലാം ചെയ്യാൻ വേണ്ടി തയ്യാറായി കൊണ്ടു തന്നെയാണ് ഈ ഒരു മേഖലയിലേക്ക് വന്നത്. എനിക്ക് ഏത് വേഷം ചെയ്യാനും മടിയില്ല. എല്ലാ വേഷം ചെയ്യാനുമുള്ള ഒരു കഴിവ് എനിക്കുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ഒരു നടൻ എന്നാൽ എല്ലാ വേഷം ചെയ്യാനും കഴിവുള്ളവനാണ്.

അഭിനയിക്കണമെന്ന ആഗ്രഹം തോന്നി പോയ കഥാപാത്രം ഏതാണ്?

കുറുപ്പ് ചിത്രത്തിന്റെ ഭാഗമായാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രമായ ഭാസിപിള്ള എന്ന വേഷം അഭിനയിക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. ആ ഒരു കഥാപാത്രത്തോട് അത്രയേറെ പ്രിയം തോന്നിയിരുന്നു.

ത്യാഗങ്ങൾ സഹിച്ച് സിനിമയിലെത്തിയ സൂപ്പർതാരങ്ങൾ ആരെങ്കിലും പ്രചോദനമായിട്ടുണ്ടോ?

ഒരു താരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ എല്ലാ നടന്മാരും നമ്മളെ സ്വാധീനിച്ചിട്ടുണ്ട് പ്രചോദനമായിട്ടുണ്ട് എന്നതാണ്. അതു പോലെ തോന്നിയ ഒരു കാര്യം മമ്മുട്ടി എന്ന നടൻ നിസാരക്കാരനല്ല എന്നു തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാഭാഷകളും കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരാളാണ്. അത്‌ മലയാളത്തിലെ എത്ര നടന്മാർക്ക് സാധിക്കും എന്നത് ആലോചിക്കേണ്ടിവരും. ഒരു നടൻ എന്നരീതിയിൽ നന്നായി തിളങ്ങുന്ന ഒരാളാണ് മമ്മുക്ക. അദ്ദേഹത്തെ എവിടെ കൊണ്ടുപോയി ആക്കിയാലും എങ്ങനെ കൊടുപോയി ആക്കിയാലും അദ്ദേഹത്തിന് അത്‌ ഫിറ്റ്‌ ആണ്. ഉദാഹരണത്തിന് ‘ഉണ്ട ‘എന്ന ചിത്രത്തിൽ മമ്മുട്ടി എന്ന ഒരു വ്യക്തിയെയല്ല കാണാൻ സാധിക്കുക മണി സാർ എന്നാ കഥാപാത്രത്തെയാണ് കാണാൻ സാധിക്കുകയൊള്ളു. അദ്ദേഹം ഒരു ബ്രില്ല്യന്റ് ആക്ടറാണ്. ഞാൻ ഒരു മോഹൻലാൽ ആരാധകനാണ് എന്നാലും മമ്മുക്കയുടെ ചിത്രങ്ങളും പ്രിയപ്പെട്ടതാണ്. നന്നായിട്ട് അഭിനയിക്കുന്ന എല്ലാവരും നല്ല നടന്മാരാണ് എന്നതാണ്. ഏതൊരു നടനും മോശക്കാരനല്ല അല്ലങ്കിൽ അവർ കൂടുതൽ കാലം നിലനിൽക്കില്ല. ആസിഫ് അലി കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ എന്ത് മനോഹരമായിട്ടാണ് അഭിനയിച്ചത്. അതു പോലെ നിവിൻ പോളി, ടോവിനോ ഇവരൊക്കെ മികച്ച നടന്മാരാണ്.

 

സൂപ്പർ താരങ്ങൾ ആരെങ്കിലും അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ടോ?

ഒരുപാട് സിനിമകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ചിത്രങ്ങങ്ങളുടെ ഇഷ്ടപ്പെട്ട സീനുകൾ ഇടക്ക് ഇടക്ക് എടുത്തു കാണാറുണ്ട്. അതിൽ ഒരോ തവണ കാണുമ്പോഴും എനിക്ക് മടുപ്പ് തോന്നാറില്ല എന്നതാണ്. രജനി കാന്തിനെ പോലുള്ള നടന്മാർ സിനിമയോട് കാണിക്കുന്ന ഒരു പാഷൻ എന്നു പറഞ്ഞാൽ. ആക്ഷൻ എന്നു പറഞ്ഞു കഴിഞ്ഞാൽ അവർ അവരല്ലാതാവുന്ന ഒരു എനർജി ഉണ്ട് അത് എല്ലാ നടന്മാരും കണ്ടുപഠിക്കേണ്ട ഒന്നാണ്. അഭിനയ ജീവിതത്തിൽ എപ്പോഴും സഹായിക്കുന്ന ഓരോ ഘടകങ്ങളാണ്. അത്പോലെ മമ്മുക്കയാണെങ്കിൽ എഴുപത് വയസാണെങ്കിലും അദ്ദേഹത്തിന്റെ ഒരു ജീവിത രീതി നിലനിർത്തി പോവുന്നതു കൊണ്ടാണ് യവ്വനം നിലനിർത്തുന്നത്. നിരന്തരമായ ശ്രമം കൊണ്ട് നേടുന്നത് തന്നെയാണ് അത്‌. ഭക്ഷണം കഴിക്കുന്നതിൽ ശരീരം നോക്കുന്നതിൽ എല്ലാം. ഒരു നടൻ എന്ന രീതിയിൽ ഒരു വ്യക്തി നിലനിർത്തി പോവേണ്ട ഒന്നാണ് അദ്ദേഹത്തിന്റെ ശരീരം അത്‌ നിലനിർത്തി കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോവുന്നത്.

സിനിമയിലേക്ക് പരിശ്രമിച്ച നാളുകൾ?

 

12 വർഷത്തോളം സിനിമക്ക് വേണ്ടി ഓഡിഷനുകൾക്ക് പോയിട്ടുണ്ട്. 2009 മുതൽ അഭിനയത്തോടുള്ള ഒരു അടങ്ങാത്ത ആഗ്രഹത്തിന് പിന്നാലേ ഓടികൊണ്ടിരിക്കുകയാണ്. നൂറിനു മുകളിൽ ഓഡിഷനിൽ കേരളം,തമിഴ്നാട്,മുംബൈ എന്നിവിടങ്ങളിലായി പങ്കെടുത്തിട്ടുണ്ട്. അതിൽ ഒന്നും ഒരു നഷ്ടമായിട്ട് തോന്നിയിട്ടില്ല. ഓരോ ഓഡിഷനു പോവുമ്പോഴും എന്റെ ആത്മവിശ്വാസം കൂടിവരുകയാണ് ചെയ്തത്. ഒരു നടൻ എന്ന നിലയിലേക്ക് ഞാൻ ഉയരുകയാണ്. അഭിനയിക്കാൻ നടക്കുന്നവർ ആണെങ്കിൽ ഓഡിഷൻ അറ്റൻഡ് ചെയുക അവരുടെ പാഷനു പുറകെ ഹാർഡ് വർക്ക് ചെയുക. അഭിനയത്തെ സീരിയസ് ആയിട്ട് കാണുന്നവർ ആണെങ്കിൽ കൂടുതൽ പഠിക്കാൻ ശ്രമിക്കുക. ഒരു ആക്ടർ എന്ന നിലയിൽ കോൺഫിഡൻസ് കൂട്ടാൻ സഹായിക്കുന്ന വലിയ ഒരു ഭാഗമാണ് ഒഡിഷനുകളിൽ പങ്കെടുക്കുക എന്നത്.

പുതിയ പ്രോജക്ടുകൾ എന്തെല്ലാമാണ്?

 

ആഹാ ചിത്രത്തിനു ശേഷം പുറത്തിറങ്ങാനിരിക്കുന്ന റോഷൻ ആൻട്രോസ്, ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ട്. ജമീല ആൻഡ് പൂവൻകോഴി എന്ന ചിത്രം. അതിൽ ഒരു നല്ല വേഷം ചെയ്തിട്ടുണ്ട്. അലി എന്നാണ് കഥാപാത്രത്തിന്റെ പേര് സസ്പെൻസ് ഉള്ള നല്ല സ്ട്രോങ്ങ്‌ ആയ ശ്രദ്ധിക്കപെടുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ്ങ്,പ്രൊഡക്ഷൻ ലോഞ്ചിങ്ങ്,പാട്ട് ലോഞ്ചിങ്ങ് എല്ലാം. ഈ ചിത്രം പുറത്തിറങ്ങുമ്പോൾ ഒരു പ്രധീക്ഷ നൽകുന്നുണ്ട്. ആഹാ ചിത്രത്തിനു ശേഷം ഒരു പാട് ആളുകൾ സംസാരിക്കുന്നുണ്ട് സിനിമ മേഖലയിൽ നിന്നുമായിട്ടും സംവിധായാകരായിട്ടുള്ള സുഹൃത്തുക്കളുമെല്ലാം. സിനമകളുടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്.

മുൻമ്പ് വടം വലി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടോ?

ഒരു സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രമാണ് ആഹാ. ഈയൊരു സിനിമയ്ക്ക് വേണ്ടിയിട്ടാണ് വടംവലിയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. യൂട്യൂബിൽ നോക്കിയിട്ടാണ് വടംവലി എങ്ങനെ ആണ് എന്നതിനെ കുറിച്ച് അറിയുന്നത്. ലൊക്കേഷനിൽ വടംവലിയുടെ ട്രെയിനിങ് പോയി അപ്പോഴാണ് വടംവലി എന്നത് ഒരു നിസ്സാരമായ കാര്യമല്ല എന്നു മനസിലായത്. കിടനാട് എന്ന ഒരു സ്ഥലത്ത് ഒരു വീടെടുത്ത് കൊണ്ടാണ് രണ്ടുമാസം ട്രെയിനിങ്ങ് പൂർത്തിയാക്കിയത്. ഞങ്ങൾക് ട്രെയിനിങ്ങിനായി വന്നിരുന്നത് ആഹാ നീലുർ എന്നു പറയുന്ന ഒരു ലെജൻഡ് ടീമിൽ ഉള്ള റോയ് നീലൂർ, പെരുമ്പാവൂറുള്ള ഭീഷ്മ എന്ന വടം വലി ടീമിന്റെ വലിയ പ്രെയർ ആയ ഭീഷ്മ എന്ന രണ്ടുപേരാണ് കോച്ചിങ് തന്നിരുന്നത്. ഇവരുടെ കീഴിൽ നിന്നുകൊണ്ടുതന്നെ വടം വലിയെ കുറിച്ച് നന്നായി പഠിച്ചു കൊണ്ട് തന്നെയാണ് എല്ലാവരും ഈ സിനിമയിൽ അഭിനയിച്ചത്. നല്ല ഹാർഡ് വർക്ക് ഉണ്ടായിരുന്നു ഇതിനു പിന്നിൽ. എന്റെ കയ്യിലും പുറത്തുമെല്ലാം പരിശീലന സമയത്ത് ഉണ്ടായ പാടുകൾ ഇപ്പോഴും ഉണ്ട് എന്നതാണ്. ചിത്രികരണം കഴിഞ്ഞു രണ്ടു വർഷത്തിനു ശേഷവും ശരീരത്തിൽ അതു ആഹായുടെ ഒരു സിഗ്നേച്ചർ എന്നപോലെ കിടപ്പുണ്ട്. വടം വലി രംഗങ്ങൾ ചിത്രത്തിൽ കാണുമ്പോൾ ഞങ്ങൾ എടുത്ത ഒരു ഹാർഡ് വർക്ക് അതിൽ കാണാൻ കഴിയും എന്നതാണ്. എല്ലാവരും വടം വലി പഠിച്ചു കൊണ്ടാണ് അതിൽ അഭിനയിചിരിക്കുന്നത്. പരിശീലനതിനിടെ ഇന്ദ്രജിത്തിന്റെ കാൽ പൊട്ടി എന്നാലും അദ്ദേഹം മുറിവുകളെ അവകണിച്ചു കൊണ്ട് ചിത്രത്തിന്റെ കൂടെ തന്നെ നിന്നു.

വടം വലിയിൽ ഏഴാം നമ്പർ പ്ലയർ ആണ് ഞാൻ. വടം ലൂസ് ആയിവരുമ്പോൾ വടത്തെ ടൈറ്റ് ആക്കി പിടിക്കുന്നത് ബാക്കിൽ നിക്കുന്നയാളണ്. അപ്പൊ ഞാൻ ടൈറ്റ് ആക്കിയില്ല എങ്കിൽ എതിർ ടീം വടം വലിച്ചുകൊണ്ട് പോവും. ഡ്രൈവറായ പാക്കാൻ ബിജു എന്ന കഥാപാത്രത്തെയാണ് ഞാൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരികുന്നത്. കുത്തനെയുള്ള ഒരു ഭാഗത്തിലൂടെ വണ്ടി ഓടിച്ചു പോവുന്ന ഒരു സീൻ ഉണ്ട് ഇതിൽ. പാറപ്പുറത്തു കൂടെ വണ്ടി കയറ്റി ഇറക്കുന്ന ഒരു രംഗമുണ്ട്. എന്റെ അടുത്ത് വണ്ടി ഓടിക്കാൻ പറഞ്ഞു വണ്ടിയിൽ ഇന്ദ്രജിത്തുണ്ട് അശ്വിൻ, മറ്റു നടന്മാരുണ്ട് ഇത്രയും പേരുടെ ഒരു ബാലൻസ് എന്റെ അടുത്തായിരുന്നു. വണ്ടി ഓടിക്കുന്നതിനിടയിൽ ജീപ്പ് മറിഞ്ഞാൽ അപ്പുറത്തും ഇപ്പുറത്തും കൊക്കയാണ്. വലിയ താഴ്ചയുള്ള സ്ഥലമാണ് വലിയ അപകടം തന്നെ സംഭവിക്കാം. സൂക്ഷിച്ചു ജീപ്പ് ഓടിച്ചു ഇവരെ സുരക്ഷിതമാക്കുക എന്നത് എന്റെ ഉത്തവാദിത്വത്തിലാണ്. ആ ഒരു സീനിൽ ഇന്ദ്രേട്ടൻ ചോദിക്കുന്നുണ്ട് ആരാണ് ഡ്രൈവർ എന്ന്,ഞാൻ അടുത്തുണ്ട് ഞാൻ പറഞ്ഞു ‘ഞാൻ ആണെന്ന്’അപ്പൊ ട്രയൽ പോവാം എന്നു പറഞ്ഞു കൊണ്ടു ട്രയൽ നോക്കി. ട്രയൽ ഓക്കെ ആയിരുന്നു എന്നു പറഞ്ഞു സപ്പോർട്ട് ചെയ്തപ്പോ എനിക്കൊരു കോൺഫിഡൻസ് ആയി. എന്നിൽ അവർ അർപ്പിച്ച വിശ്വാസം തെറ്റിയില്ല എന്നത് മനസിലാക്കാനായി.