100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍
1 min read

100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണ്. വിവരം പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായകയായി എത്തിയത്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയ ചിത്രത്തിന് സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും ഒരുക്കി. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ത്തിയതില്‍ കുറുപ്പിന് നിര്‍ണായക പങ്കുണ്ട്.

ഇപ്പോഴിതാ, കുറുപ്പ് 100 കോടി കടന്നതോടെ ദുല്‍ഖുറിനു ആശംസകള്‍ അറിയിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ‘ഇനിയും ഉയരങ്ങളിലേക്കെത്താന്‍ സാധിക്കട്ടെ’ എന്നാണ് മോഹന്‍ലാല്‍ ആശംസിച്ചത്. എന്തായാലും കുറുപ്പിന്റെ ഈ നേട്ടം ദുല്‍ഖര്‍ ആരാധകരെ സംബന്ധിച്ചും, മലയാളികളെ സംബന്ധിച്ചും ഏറെ അഭിമാനകരമാണ്. അതേസമയം, ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിയെന്നും ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്‌മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടത്.