സിനിമാസ്വാദകരെ വിറപ്പിച്ച മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള മികച്ച അഞ്ച് കഥാപാത്രങ്ങള്‍
1 min read

സിനിമാസ്വാദകരെ വിറപ്പിച്ച മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള മികച്ച അഞ്ച് കഥാപാത്രങ്ങള്‍

പതിറ്റാണ്ടുകളായി മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. ഓരോ കാലത്തും തന്നെ പുതുക്കുന്ന താരമാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ ഇക്കാലത്ത് തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെതായി അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മപര്‍വ്വമായിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു ചിത്രം. നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുന്നുമുണ്ട്. അതില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് പുഴു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന പിടിയാണ്.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടി നേരത്തെ നെഗറ്റീവ് റോളുകള്‍ ഒന്നും ചെയ്തിട്ടില്ലെ എന്നാണ് എല്ലാവരും ചേദിക്കുന്ന ചോദ്യം. അങ്ങനെ ഒരു ചോദ്യം വരുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്നത് വിധേയന്‍ എന്ന ചിത്രത്തിലെ ഭാസ്‌കര പട്ടേലിന്റെ കഥാപാത്രമായിരിക്കും. എന്നാല്‍ ഇത് മാത്രമല്ല വേറെയും നെഗറ്റീവ് കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്. മമ്മൂട്ടി വില്ലന്‍ വേഷങ്ങള്‍ അല്ലാതെ നെഗറ്റീവ് കഥാപത്രങ്ങള്‍ ചെയ്തപ്പോഴും ആ സിനിമകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഞ്ച് നെഗറ്റീവ് വേഷങ്ങളെ പരിചയപ്പെടാം.

ക്രൂരനായ ഭൂഉടമയായ ഭാസ്‌ക്കര പട്ടേലര്‍ ആയി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു വിധേയന്‍. ഒരു സൂപ്പര്‍ താരമായി നിറഞ്ഞുനില്‍ക്കുന്ന സമയത്ത് തന്നെയാണ് മമ്മൂട്ടി ഭാസ്‌ക്കര പട്ടേലര്‍ ആയി അഭിനയിച്ചത്. സക്കറിയ ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് വിധേയന്‍ ഒരുക്കിയത്. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു വിധേയന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്വന്തം ഭാര്യയെ കൊലപ്പെടുത്തുന്ന ഭാസ്‌ക്കര പട്ടേലരായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തിയത്. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിക്കുകയുണ്ടായി.

രണ്ടാമതായി വരുന്ന ചിത്രം പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ ആണ്. മൂന്ന് വ്യത്യസ്ത റോളിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. ടി.പി രാജീവന്റെ കഥയെ അടിസ്ഥാനമാക്കി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഹരിദാസ്, ഖാലിദ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്നീ കഥാപാത്രങ്ങളിലായിരുന്നു മമ്മൂട്ടി എത്തിയത്. പാലേരിയിലെ ക്രൂരനായ, സ്ത്രികളെ ചൂഷണം ചെയ്യുന്ന ജന്മിയായിട്ടായിരുന്നു അഹമ്മദ് ഹാജി ചിത്രത്തില്‍ എത്തിയത്. 1957 മാര്‍ച്ച് 30 ന് പാലേരിയില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണ പശ്ചാത്തലത്തില്‍ പറഞ്ഞ ചിത്രത്തില്‍ കടത്തനാടന്‍ ശൈലിയിലുള്ള മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും മമ്മൂട്ടി നേടി.

അടുത്ത ചിത്രമാണ് പി. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983-ല്‍ പുറത്തിറങ്ങിയ കൂടെവിടെ. വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രത്തിനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. സുഹാസിനി, റഹ്മാന്‍ എന്നിവരാണ് മറ്റ് നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിസ് എന്ന തന്റെ കാമുകി ജോലി ചെയ്യുന്ന വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ രവി പുത്തുരാനെ കൊലപ്പെടുത്തി ജയിലില്‍ പോകുന്ന കഥാപാത്രമായിരുന്നു ക്യാപ്റ്റന്‍ തോമസ്.

നാലാമത് വരുന്ന ചിത്രമാണ് പരുന്ത്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പരുന്ത്. ചിസിനിമയുടെ ആദ്യ പകുതിയില്‍ കണ്ണില്‍ ചോരയില്ലാത്ത പലിശക്കാരനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ത്രത്തില്‍ നായക കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നതെങ്കിലും സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പരുന്ത് പുരുഷോത്തമന്‍ എന്ന നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രം പ്രേക്ഷകരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ചാമതായി വരുന്ന ചിത്രം ഒരൊറ്റ ചിരിയിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്. ഒരുപാട് നാളുകള്‍ ജയിലില്‍ കഴിഞ്ഞ സി.കെ രാഘവന്‍ എന്ന തടവുപുള്ളിയുടെ കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. സമീപ കാലത്ത് ഇറങ്ങി പ്രേക്ഷകരെ ഞെട്ടിച്ച നെഗറ്റീവ് കഥാപാത്രമാണ് സി.കെ രാഘവന്‍.