മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ
1 min read

മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ

ലയാള സിനിമയിലെ യുവ സംവിധായകരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകന്‍ ആയി അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍ഹിറ്റായതോടെ ടിനു പാപ്പച്ചനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു അജഗജാന്തരം. ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു. ബോക്‌സ്ഓഫീസിലും മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിരുന്നു.

അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നതാണ് പുതിയ അപ്‌ഡേറ്റ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരി കടല്‍പലത്തിനോട് ചേര്‍ന്ന തായലങ്ങാടിയിലാണ് തുടങ്ങിയത്. കലാസംവിധായകനായ ഗോകുല്‍ദാസ് ഷൂട്ടിംഗിനായി ഒരു തെരുവിന്റെ കൂറ്റന്‍ സെറ്റ് തീര്‍ത്തിരിക്കുകയാണ്. സിനിമയില്‍ അങ്ങാടിമുക്കെന്നാണ് ഇത് അറിയപ്പെടുക. ഈ സെറ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സിനിമയുടെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കുന്നതും ഇവിടെയാണ്. ചിത്രീകരണം തുടങ്ങിയ ദിവസം മുതല്‍ നൂറുകണക്കിന് ആളുകളാണ് ഷൂട്ടിംഗ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് വേണ്ടിയാണ് ഇവിടെ സെറ്റൊരുക്കിയിരുന്നത്.

‘ഈശോ’യ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ പാഠം, ഷട്ടര്‍, അങ്കിള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെയു മനോജ്, അനുരൂപ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമായത്‌കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആവേശത്തിലാണ്. നിലവില്‍ ‘ന്നാ താന്‍ കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്.