തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!
1 min read

തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!

വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ഇന്നലെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. വാരിസും തുനിവും ആദ്യദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ച പ്രീറിലീസ് ഹൈപ്പ് ബോക്‌സ്ഓഫീസ് ടിക്കറ്റ് വില്‍പ്പനയിലും ലഭിച്ചു.

വിവിധ തമിഴ് സൈറ്റുകളുടെ കണക്ക് പ്രകാരം വാരിസിനെക്കാള്‍ കളക്ഷനില്‍ റിലീസ് ദിവസം തുനിവാണ് നേടിയിരിക്കുന്നത്. ആദ്യത്തെ ബോക്‌സ് ഓഫീസ് ട്രെന്റുകള്‍ പ്രകാരം തുനിവിന്റെ ആദ്യദിന ബോക്‌സ് ഓഫീസി കളക്ഷന്‍ 18.50 കോടി മുതല്‍ 20 കോടി വരെയാണ്. അതേ സമയം വാരിസിന്റേത് 17 കോടി മുതല്‍ 19 കോടിവരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്കാണ്. തമിഴ്‌നാടിന് പുറത്ത് വാരിസ് 8.50 കോടി മുതല്‍ 9 കോടിവരെ നേടിയപ്പോള്‍. തുനിവ് 8 കോടി മുതല്‍ 8.50 കോടിവരെ നേടിയെന്നാണ് വിവരം. തുനിവ് വിതരണത്തിന് എടുത്തിരിക്കുന്നത് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ ഒന്നാം നമ്പര്‍ വിതരണക്കാരായ റെഡ് ജൈന്റ് മൂവീസാണ്. വാരിസ് എടുത്തിരിക്കുന്നത് സെവന്‍ സ്‌ക്രീനുമാണ്.

വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വാരിസ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ബാങ്ക് മോഷണം പ്രമേയകമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേംകുമാര്‍, ആമിര്‍, അജയ്, സബി, ജി.പി. മുത്തു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.