‘മോഹൻലാലിനെ നായകനാക്കി ചെയ്ത ‘കോളേജ് കുമാരൻ’ പരാജയപ്പെടാൻ കാരണം?’; തുളസീദാസ് വ്യക്തമാക്കുന്നു
1 min read

‘മോഹൻലാലിനെ നായകനാക്കി ചെയ്ത ‘കോളേജ് കുമാരൻ’ പരാജയപ്പെടാൻ കാരണം?’; തുളസീദാസ് വ്യക്തമാക്കുന്നു

ലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകനാണ് തുളസീദാസ്. വളരെ കുറഞ്ഞ നിര്‍മ്മാണ ചിലവില്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകരില്‍ ഒരാളാണ് ഇദ്ദേഹം. 1988-ല്‍ പുറത്തിറങ്ങിയ ഒന്നിനു പിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം. 2016 ല്‍ ഇറങ്ങിയ ഗേള്‍സ് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ വച്ച് തുളസീദാസ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമകള്‍ക്ക് നല്‍കുന്ന പേരുകള്‍ ഒരു പ്രധാന ഘടകം തന്നെയാണെന്നാണ് തുളസീദാസ് പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ കോളേജ് കുമാരന്‍ എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്റെ ആദ്യത്തെ ചിത്രം ഒന്നിന് പിറകേ മറ്റൊന്ന് ആയിരുന്നു. ആ സിനിമയ്ക്ക് അനുയോജ്യമായ പേര് തന്നെയായിരുന്നു. രണ്ടാമത്തെ ചിത്രമാണ് കൗതുകവാര്‍ത്തകള്‍. പേരുപോലെ തന്നെ ഒരു കൗതുകമുള്ള ചിത്രമായിരുന്നു അതെന്നും ആ കഥാപാത്രത്തിനും കഥയ്ക്കും ഒരു കൗതുകമുണ്ടായിരുന്നുവെന്നും അങ്ങനെ വിചാരിച്ചാണ് ആ പേര് നല്‍കിയതെന്നും തുളസീദാസ് പറയുന്നു.

പിന്നീട് ചെയ്ത സിനിമകളെല്ലാം ഒരോന്ന് ചേരുന്ന തരത്തിലായിരുന്നു പേരുകള്‍ നല്‍കി വന്നത്. സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ നമുക്കൊന്ന് കാണണം എന്ന് തോന്നും. പക്ഷേ പേര്‌കൊണ്ട് പരാജയപ്പെട്ട സിനിമയുണ്ട് എനിക്ക്. ശുദ്ധമദ്ദളം എന്ന് പറഞ്ഞൊരു സിനിമയുണ്ട്. വളരെ മനോഹരമായൊരു ചിത്രമായിരുന്നു അത്. എന്റെ പല സിനിമകളും നൂറും നൂറ്റിമുത്തപ്പത്തിയഞ്ചും ദിവസം ഓടിയതാണ്. എന്നാല്‍ ശുദ്ധമദ്ദളം വളരെ സെന്റിമെന്റ്സ് ആയിട്ടുള്ള കഥയായിരുന്നെങ്കിലും അത് അധികം ഓടിയില്ല. ആ പേര് അല്ലായിരുന്നു ഇടേണ്ടത്. അതൊരു നാടകത്തിന്റെ പേര് പോലെയായെന്നും അദ്ദേഹം പറയുന്നു.

അതുപോല ഒരു സിനിമയായിരുന്നു മോഹന്‍ലാലിന്റെ കോളേജ് കുമാരന്‍. ആ സിനിമയ്ക്ക് മറ്റെന്തെങ്കിലും പേര് നല്‍കിയാ മതിയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിരുന്നു. കേള്‍ക്കുമ്പോള്‍ കുറച്ചൂടി ആകര്‍ഷണം തോന്നുന്ന പേര് മതിയായിരുന്നു. പിന്നെ എല്ലാ സിനിമകളും പൂര്‍ണത വരുത്താന്‍ പറ്റില്ലല്ലോ. ഞാന്‍ രണ്ട് തമിഴ് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഈ സിനിമകള്‍ കാണുമ്പോഴൊക്കെ ചില സീനുകള്‍ അങ്ങനെ ചെയ്തത് പോരായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കുറച്ച് മാറ്റങ്ങള്‍ വരുത്തി നല്ല രീതിയില്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ സ്‌ക്രീപ്റ്റ് താരങ്ങള്‍ക്ക് കൃത്യമായി പറഞ്ഞ് കൊടുക്കാറുണ്ട്. ഇതാണ് കഥയെന്നും, ഇങ്ങനെയാണ് പാട്ടെന്നും സംഭാഷണങ്ങളുമൊക്കെയെന്ന് പറയും, അപ്പോള്‍ താരങ്ങളില്‍ നിന്ന് പല സജഷന്‍സ് ലഭിക്കാറുണ്ട്. അത് നല്ലതാണെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ വളരെ സന്തോഷമായെന്ന് പറഞ്ഞ് അത് സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.