”മമ്മൂട്ടി, നിങ്ങളില്ലാതെ പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല” ; അന്ന് മഹാനടന്‍ തിലകന്‍ പറഞ്ഞത്
1 min read

”മമ്മൂട്ടി, നിങ്ങളില്ലാതെ പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല” ; അന്ന് മഹാനടന്‍ തിലകന്‍ പറഞ്ഞത്

ലയാള സിനിമയില്‍ നായകനെന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചു വാങ്ങുകയും ചെയ്ത നടനാണ് തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അദ്ദേഹം ചെയ്ത വേഷങ്ങളില്‍ ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങളായിരുന്നു. തിലകന്റെ ശബ്ദഗാംഭീര്യം ഇന്നും ആരാധകരും മറ്റ് അഭിനേതാക്കളും എടുത്തുപറയുന്ന ഒരു കാര്യമാണ്.

പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും മലയാളികള്‍ ഇന്നും മനസിലേറ്റി നടക്കുന്ന കഥാപാത്രങ്ങളാണ്. 2012 സെപ്തംബര്‍ 24ന് ആയിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് വൈറലാവുന്നത്.

ഒരു കാലത്ത് മമ്മൂട്ടിയ്ക്ക് സിനിമകളൊന്നും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. അതായത് തനിയാവര്‍ത്തനം എന്ന ചിത്രത്തിനും ന്യൂഡല്‍ഹി എന്ന സിനിമയ്ക്കും മുന്‍പ്. നിങ്ങളില്ലാതെ മലയാള സിനിമ ഒരു പത്ത് വര്‍ഷം പോലും മുന്നോട്ട് പോകില്ല എന്ന് താന്‍ അന്ന് മമ്മൂട്ടിയോട് പറഞ്ഞിരുന്നുവെന്ന് തിലകന്‍ പറയുന്നു. ആ പറഞ്ഞതിന്റെ അടുത്ത ആഴ്ച്ചയിലാണ് ഞാന്‍ സിബി മലയിലിന് വേണ്ടി ലോഹിതദാസിനെ സിനിമയിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്തത്. അദ്ദേഹം തനിയാവര്‍ത്തനം എന്ന കഥായാണ് ഇഷ്ടപ്പെട്ടത്. ആ കഥ വായിച്ചതിന് ശേഷം എന്നെ വിളിച്ച് ചോദിക്കുന്നു ഇതിലെ അധ്യാപകന്റെ വേഷം ചെയ്യാന്‍ പറ്റിയ ഒരു നടനെ പറയാന്‍. സിബി മലയിലായിരുന്നു എന്നോട് അത് ചോദിച്ചതെന്നും തിലകന്‍ പറയുന്നു.

ഞാന്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു മമ്മൂട്ടി എന്ന്. അപ്പോള്‍ എന്നോട് ചിരിച്ചിട്ട് അവര്‍ പറഞ്ഞു ഞങ്ങളുടെ മനസിലും മമ്മൂട്ടി തന്നെയായിരുന്നുവെന്ന്. വെറുതേ ഒന്ന് ചോദിച്ചു മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എങ്ങനെയിരിക്കുമെന്ന്, ഞാന്‍ പറഞ്ഞു ഒരു വിദ്യാര്‍ത്ഥി ആയിരിക്കുമെന്ന്. അതിന് കാരണം അന്ന് മോഹന്‍ലാലിന്റെ രൂപം അതായിരുന്നു. ഒരു അധ്യാപകന്റെ രൂപം കിട്ടില്ലായിരുന്നു. അങ്ങനെയാണ് മമ്മൂട്ടിയെ ഇട്ടത്. അത് വളരെ മനോഹരമായി മമ്മൂട്ടി ചെയ്തു. അതേ വര്‍ഷം തന്നെയായിരുന്നു മതിലുകള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. ഈ രണ്ട് ചിത്രവും ഇറങ്ങിയതിന് ശേഷം മമ്മൂട്ടി എന്നോട് വന്ന് ചോദിച്ചു ചേട്ടാ മതിലുകള്‍ കണ്ടോ എന്ന്.

മതിലുകളും കണ്ടും തനിയാവര്‍ത്തനവും കണ്ടുവെന്ന് ഞാന്‍ മറുപടി നല്‍കി. നിങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡും നാഷ്ണല്‍ അവാര്‍ഡും ഉറപ്പാണ് എന്നും ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞുവെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉത്തരം ഏയ് സ്‌റ്റേറ്റ് അവാര്‍ഡ് ചിലപ്പോള്‍ കിട്ടിയേക്കും നാഷ്ണല്‍ അവാര്‍ഡൊന്നും കിട്ടില്ലെന്ന്. അങ്ങനെ മമ്മൂട്ടിയ്ക്ക് നാഷ്ണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്‌തെന്ന് അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.