“പാട്ട് പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ” : മോഹൻലാലിനെ പ്രേം നസീർ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു
1 min read

“പാട്ട് പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ” : മോഹൻലാലിനെ പ്രേം നസീർ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു

ലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറ്റം നടത്തി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ലാലേട്ടനായ് മാറുകയായിരുന്നു. അഭിനേതാവ് എന്നതിന് പുറമെ താനൊരു ഗായകനാണെന്നും പലതവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ പാടുന്ന പാട്ടാണ് വൈറലാവുന്നത്. ഈ വീഡിയോ ശ്രദ്ധേയമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ താരം പ്രേം നസീറും ഈ വീഡിയോയില്‍ ഉണ്ടെന്നുള്ളതാണ്. മോഹന്‍ലാലും എംജി ശ്രീകുമാറും പ്രേം നസീറും ഒന്നിച്ചുള്ള ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മലയാള സിനിമക്ക് മോഹന്‍ലാലും പ്രേംനസീറും നല്‍കിയത് പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങളും നിമിഷങ്ങളും ആണ്. വേദിയില്‍ ഒരുമിച്ച് പാട്ടുപാടുന്ന മോഹന്‍ലാലും എം ജി ശ്രീകുമാറുമാണ് വേദിയിലുള്ളത്. പ്രേം നസീറാണ് മോഹന്‍ലാലിനെ പാട്ട് പാടാനായി വേദിയിലേക്ക് ക്ഷണിച്ചത്.

‘പാട്ട് പാടാന്‍ കഴിവുള്ള സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് അദ്ദേഹം മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നതും വേദിയിലേക്ക് ക്ഷണിക്കുന്നതും. നസീറില്‍ നിന്ന് മൈക്ക് വാങ്ങുന്ന മോഹന്‍ലാല്‍ പാട്ടുപാടാനുള്ള കഴിവില്ലെങ്കിലും പാടിനോക്കാം എന്നുപറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. മോഹന്‍ലാലും എം ജി ശ്രീകുമാറും ചേര്‍ന്ന് ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് ആലപിച്ചത്. സിനിമയില്‍ മോഹന്‍ലാലും മാള അരവിന്ദനും ചേര്‍ന്നായിരുന്നു ഈ ഗാനം ആലപിച്ചത്. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് ശ്യാം ആയിരുന്നു സംഗീതം.

എംജി ശ്രീകുമാറായിരുന്നു ഈ വീഡിയേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഓര്‍മ്മകള്‍….. ഓര്‍മ്മകള്‍. ദൈവത്തിനു നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തങ്ങളുടെ ഇഷ്ടനായകന്മാരുടെ പ്രിയ നിമിഷങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

മോഹന്‍ലാല്‍ ആദ്യമായി ആലപിച്ച ഗാനമാണ് നീയറിഞ്ഞോ മേലേ മാനത്ത് എന്നത്. 1985ല്‍ പുറത്തിറങ്ങിയ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. അതിന് ശേഷം സിന്ദൂരമേഘം ശൃംഗാരകാവ്യം എന്ന ഗാനവും അതേ വര്‍ഷ തന്നെ പാടിയിരുന്നു. അതിന് ശേഷം അദ്ദേഹം നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ പാടിയത് ബ്രോഡാഡി എന്ന ചിത്രത്തില്‍ വന്നു പോകും മഞ്ഞും തണുപ്പും എന്ന ഗാനമായിരുന്നു.