#ഭീഷ്മപർവ്വം : ‘കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയധികം കാര്യങ്ങൾ ട്രെൻഡ് ആയ ഒരു മലയാളസിനിമ വേറെയില്ല’
1 min read

#ഭീഷ്മപർവ്വം : ‘കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയധികം കാര്യങ്ങൾ ട്രെൻഡ് ആയ ഒരു മലയാളസിനിമ വേറെയില്ല’

മ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ നിന്ന് ലഭിച്ചത്. മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടുകയും ചെയ്തിരുന്നു. 15 വര്‍ഷത്തിന് ശേഷം ബിഗ്ബി എന്ന ചിത്രത്തിന് ശേഷമാണ് ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചത്. സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ഭീഷ്മ പര്‍വത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു.

സംവിധായകന്‍ അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മെയ്ക്കിംഗ് തന്നെയാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ പ്രധാന ആകര്‍ഷണം. സോഷ്യല്‍ മീഡിയകളിലെല്ലാം ഇപ്പോള്‍ ഭീഷ്മപര്‍വം സിനിമയിലെ ഡയലോഗുകളും ഗാനങ്ങളും ഇപ്പോഴും വൈറലാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയധികം കാര്യങ്ങള്‍ ട്രെന്‍ഡിങ് ആയ സിനിമ ഇറങ്ങിയിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പറുദീസ എന്ന ഗാനവും രതിപുഷ്പം എന്ന ഗാനവും നൊട്ടൊറിയസ് ബാഗ്രൗണ്ട് മ്യൂസിക്കും ചിത്രത്തിലെ ചാമ്പിക്കോ എന്ന ഡയലോഗും ജാവോ എന്ന ഡയലോഗുമെല്ലാം വന്‍ ഹിറ്റാണ് ഇപ്പോള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇത്രയും അധികം കാര്യങ്ങള്‍ ട്രെന്‍ഡിങായ ഒരു ചിത്രം വേറെ ഇല്ലെന്ന് തന്നെ പറയാം.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതസംവിധാനത്തില്‍ പാട്ടിറങ്ങിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടുന്നത് ഇപ്പോള്‍ വലിയ അദ്ഭുതമല്ലാതായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പറുദീസ ഗാനത്തിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ശ്രീനാഥ് ഭാസിയും സൗബിനും അനഘയും സംഘവും ആടിപ്പാടിത്തിമിര്‍ത്ത ഗാനം ഈ അടുത്ത കാലത്തൊന്നും വേറെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല. പിന്നെ വരുന്ന മറ്റൊരു ഗാനമാണ് ഉണ്ണി മോനോന്‍ പാടിയ രതി പുഷ്പം. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയത്. ഈ ഗാനത്തിലെ ഷൈന്‍ ടോം ചാക്കോയുടേയും റംസാന്റെയും ഡാന്‍സും ട്രെന്‍ഡാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി നിരവധിപേരാണ് ഈ ഗാനത്തിലെ ഒരു രംഗം ചെയ്യുന്നത്.

പിന്നെ എടുത്ത് പറയേണ്ടത് ഭീഷ്മപര്‍വ്വത്തിലെ നൊട്ടോറിയസ് ബിജിഎം. തിയേറ്ററില്‍ ഇരുന്ന് സിനിമ കണ്ടവരുടെ കൈകലുകളെല്ലാം കോരിത്തരിച്ച ഒരു ബിജിഎം ആയിരുന്നു ഇത്. സിനിമയിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ബിജിഎം വൈറലാവുകയായിരുന്നു. സിനിമയില്‍ നടന്‍ മമ്മൂട്ടിയുടെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും വൈറലാണ്. ഇപ്പോള്‍ കുടുംബത്തിലായാലും സ്‌കൂളുകളിലും കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഫോട്ടോഷൂട്ടിന് ചാമ്പിക്കോ എന്ന ഡയലോഗും ബിജിഎമ്മും ഇട്ട് റീല്‍സ് ക്രിയേറ്റ് ചെയ്യലാണ് പരിപാടി. സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ ഭീഷ്മ തരംഗം ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ മറ്റൊരു ഡയലോഗ് ആണ് ജാവോ. ഈ ഡയലോഗും ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചത്. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. 115 കോടി രൂപയാണ് ഇതുവരെയുള്ള സിനിമയുടെ കളക്ഷന്‍. സിനിമ ഒടിടി റിലീസായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.