“കേരളത്തിനുള്ളിലും മലയാള സിനിമയെ ചതിക്കുന്നവരുണ്ട്” ; തിയേറ്റർ പ്രിന്റ് പ്രചരിക്കുന്നതിനെതിരെ  ഇലവീഴാപൂഞ്ചിറയുടെ  നിർമ്മാതാവ്
1 min read

“കേരളത്തിനുള്ളിലും മലയാള സിനിമയെ ചതിക്കുന്നവരുണ്ട്” ; തിയേറ്റർ പ്രിന്റ് പ്രചരിക്കുന്നതിനെതിരെ ഇലവീഴാപൂഞ്ചിറയുടെ നിർമ്മാതാവ്

സംസ്ഥാന‌ത്തെ തീയേറ്ററുകളിൽ ഇതരഭാഷ ബിഗ് ബജറ്റ് സിനിമകള്‍ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കാശ് വാരുമ്പോള്‍ ഇവിടെ മലയാളത്തിൽ റിലീസ് ചെയ്ത മിക്ക സിനിമകളും പരാജയം ആവുകയും, കാണാൻ ആൾക്കാർ ഇല്ലാത്ത അവസ്ഥയും ആണെന്നുള്ള കാര്യം അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തീയേറ്ററുകളിലേക്കു എത്തിക്കുന്ന സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. മലയാള സിനിമ ഇത്തരത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഏറെ സങ്കടകരമായതും ഗൗരവമേറിയതും ആയ ഒരു സംഭവമാണ് ഇലവീഴാപൂഞ്ചിറ എന്ന സൗബിൻ ചിത്രത്തിന്റെ നിർമ്മാതാവ് വിഷ്ണു വേണു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തീയേറ്റർ പ്രിന്റ്കൾ സുലഭമായി ചില സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നു എന്ന വിവരമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ജൂലൈ 15ന് കേരളത്തിലെ തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ഇലവീഴാപൂഞ്ചിറയുടെ അവസ്ഥയാണിതെന്നും ആദ്യ 3 ദിവസങ്ങളിൽ നല്ല രീതിയിൽ കളക്ഷൻ കിട്ടിയ ചിത്രത്തിന്ന നല്ല പ്രേക്ഷക  പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നപ്പോൾ ചില സൈറ്റുകളിൽ തിയേറ്റർ പ്രിന്റ് വന്നിരിക്കുകയാണ് എന്നും  ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കേരളത്തിലെ 120 തീയേറ്ററുകളിലെ ഏതെങ്കിലും ഒരു തിയേറ്ററിൽ നിന്നല്ലാതെ ഇതാർക്കും ചെയ്യാൻ പറ്റില്ലയെന്നും കേരളത്തിന്‌ പുറത്തു നിന്നാണ് ഇത് ചെയ്യുന്നതെന്ന സ്ഥിരം കമെന്റുകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ആദ്യ വാരം ഇവിടെ മാത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കുറിച്ചു.

ഇതോടെ കേരളത്തിനുള്ളിലും ഈ പരിപാടി നടക്കുന്നുണ്ടെന്നു മനസ്സിലായ സ്ഥിതിക്ക് നിയമപരമായി ഇതിനെ നേരിടാൻ തീരുമാനിച്ചതായും വിഷ്ണു വേണു അറിയിച്ചു. നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ നശിപ്പിക്കാൻ വേണ്ടിയല്ലാതെ പണത്തിനു വേണ്ടി ആരെങ്കിലും ഇത് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും അത്ര അസഹിഷ്ണുത ഉള്ള ആ മലയാളി ഒന്നുകിൽ തിയേറ്ററുമായി ബന്ധപ്പെട്ട ഒരാളോ അല്ലെങ്കിൽ ഇത് നശിപ്പിക്കാൻ വേണ്ടി മനപ്പൂർവം ഇറങ്ങിയ ഏതോ സഹപ്രവർത്തകനോ ആയിരിക്കുമെന്നും അദ്ദേഹം സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അയാൾ നല്ല ചൂട് ചായയും കുടിച്ചു ഏതെങ്കിലും സംഘടന ഓഫീസിൽ ഇരിക്കുന്നുണ്ടാകുമെന്നും സിനിമയോടുള്ള അടങ്ങാത്ത പാഷൻ കൊണ്ട് ഇത്തരം സൃഷ്ടികൾ ഉണ്ടാക്കാൻ രക്തം കൊടുത്തു നിൽക്കുന്നതിനൊന്നും ഒരു പ്രസക്തിയുമില്ലെന്നും വേദനയോടെ അദ്ദേഹം കുറിച്ചു.

മലയാള സിനിമ നീണാൾ വാഴട്ടെ എന്ന വരിയോടെ ആണ് വിഷ്ണുവിന്റെ കുറിപ്പ് അവസാനിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഇലവീഴാപൂഞ്ചിറ. മലയാളത്തിലെ മികച്ച ചിത്രങ്ങളായ  ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ്. 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പോലീസ് സ്റ്റേഷനെ ചുറ്റിപറ്റി നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. സൗബിന്റെ അടുത്തിടെ ഇറങ്ങിയ സിനിമകള്‍ എടുത്ത് നോക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഒരുപിടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുക. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സംവിധാന മികവ് കൊണ്ടും ദൃശ്യഭംഗി കൊണ്ടുമെല്ലാം മികച്ചു നിൽക്കുന്ന സിനിമയാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത്.