എം. ടി – മമ്മൂട്ടി – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിക്കുന്നു! ആകാംക്ഷയോടെ പ്രേക്ഷകർ
1 min read

എം. ടി – മമ്മൂട്ടി – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിക്കുന്നു! ആകാംക്ഷയോടെ പ്രേക്ഷകർ

എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ: ഒരു യാത്രക്കുറുപ്പ്’. മെഗാസ്റ്റാർ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ തിരക്കുകൾ കാരണം ഇദ്ദേഹം ഈ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ചിത്രം കൂടിയാണിത്. ഇദ്ദേഹത്തിന്റെ 10 തിരക്കഥകളിൽ നിന്ന് ഒരുക്കുന്ന 10 സിനിമയിൽ ഒന്നുകൂടിയാണ് ഈ ചിത്രം. രഞ്ജിത്ത് ചിത്രത്തിന് പുറമേ പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു സിനിമ കൂടിയാണ് ഈ ശ്രേണിയിൽ പൂർത്തിയാകാനുള്ളത്. അഞ്ചുവർഷത്തിനുശേഷമാണ് രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഈ സിനിമയിലൂടെ ഒന്നിക്കുന്നത്.

 

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 16 – ന് ശ്രീലങ്കയിൽ ആരംഭിക്കും. നാലുദിവസത്തെ ഷൂട്ടിംഗ് ആണ് ശ്രീലങ്കയിൽ പ്ലാൻ ചെയ്തിട്ടുള്ളത്. കലാസംവിധായകൻ പ്രശാന്ത് മാതാവ് അടുത്തിടെ ശ്രീലങ്കയിൽ ലൊക്കേഷൻ ഹണ്ടിനായി പോയിരുന്നു. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ കേരളത്തിലും ഷൂട്ട് ചെയ്യുന്നുണ്ട്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് ‘കടുഗണ്ണാവ’. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന പി. കെ. വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ. പി. കെ. വേണുഗോപാൽ നായക കഥാപാത്രമാണ്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

എം. ടി. വാസുദേവൻ നായരുടെ 10 കഥകളുടെ ചലച്ചിത്രവിഷ്കാരമായ ആന്തോളജിയിൽ മറ്റ് പ്രമുഖ സംവിധായകരും ഉണ്ട്. പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് തുടങ്ങിയ സംവിധായകരെ കൂടാതെ എം. ടി. വാസുദേവൻ നായരുടെ മകൾ അശ്വതിയും ചിത്രം ഒരുക്കുന്നുണ്ട്. ഈ 10 ചിത്രങ്ങളും നിർമ്മിക്കുന്നത് ന്യൂസ് വാല്യൂ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ്. വിതരണവകാശം ഉള്ളത് നെറ്റ്ഫ്ലിക്സിനാണ്. നിർമ്മാണ പങ്കാളി ആർ. പി. എസ്. ജി ഗ്രൂപ്പാണ്. കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.