മമ്മൂട്ടി – ജ്യോതിക ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; പൂജാ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും
1 min read

മമ്മൂട്ടി – ജ്യോതിക ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; പൂജാ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും

‘റോഷാക്ക്‌’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ സിനിമയാണ് ‘കാതൽ’. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി – ജ്യോതിക ചിത്രമായ കാതൽ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘ശ്രീധന്യ കാറ്ററിംഗ്’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടിയാണെന്ന് കഴിഞ്ഞ മാസം ജിയോ ബേബി വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റഫർ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് കാതൽ.

കൂടാതെ 12 വർഷങ്ങൾക്ക് ശേഷം ജ്യോതിക മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജ്യോതികയുടെ ജന്മദിനമായ ഒക്ടോബർ 18ന് കാതലിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടത് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ജ്യോതികയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവെച്ചത്. അതേസമയം ജ്യോതികയുടെ ജീവിത പങ്കാളി കൂടിയായ സൂര്യയും പോസ്റ്റർ പങ്കുവെച്ചിരുന്നു. ” ഈ സിനിമയുടെ ഐഡിയയും ആദ്യദിവസം മുതൽ ഈ സിനിമയ്ക്ക് വേണ്ടി സംവിധായകൻ ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും എടുത്ത ഓരോ ചുവടുകളും അതിഗംഭീരമാണ്. മമ്മൂക്കയ്ക്കും ജോയിക്കും ടീമിനും കാതൽ ദ കോർ സിനിമയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹാപ്പി ഹാപ്പി ബർത്തഡേ ജോ”. സൂര്യ കുറിച്ചു.

ഇപ്പോഴിതാ കാതലിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പാരിഷ് ഹാളിൽ വച്ച് നടന്നു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഈ ചടങ്ങിൽ മമ്മൂട്ടിയോടൊപ്പം ചിത്രത്തിന്റെ അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദരാശ് സുകുമാരൻ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.