ഫാൻസുകാർ തള്ളുന്ന 100 കോടി ക്ലബ്ബും നിർമ്മാതാവിന് കിട്ടുന്ന 100 കോടി ക്ലബ്ബും!! വിശദമായറിയാം
1 min read

ഫാൻസുകാർ തള്ളുന്ന 100 കോടി ക്ലബ്ബും നിർമ്മാതാവിന് കിട്ടുന്ന 100 കോടി ക്ലബ്ബും!! വിശദമായറിയാം

സിനിമ എന്ന വാക്കിനൊപ്പം ഇവയെ ചുറ്റി പറ്റി ചില കൗതുക വാക്കുകൾ വ്യാപകമായി നമ്മൾ കേട്ടിരുന്നു. അവയിൽ പരിചിതവും പ്രധാനപ്പെട്ടവയുമാണ് സിനിമ തിയേറ്ററിൽ നൂറ് ദിനം പിന്നിട്ടെന്നും , സൂപ്പർ ഹിറ്റ് ചിത്രമെന്നും , ഇരുനൂറ് ദിവസം തികഞ്ഞാൽ റെക്കോർഡ് തീർത്തെന്നും ഉൾപ്പടെയുള്ള സിനിമ പ്രയോഗങ്ങൾ. ഇവയെല്ലാം പറഞ്ഞു പഠിച്ചതുപോലെ ഓരോ സിനിമ പ്രേമികളുടെയും ഉള്ളിൽ പതിഞ്ഞ വാക്കുകളായിരുന്നു. എന്നാൽ നാട് ഓടുമ്പോൾ നടുവേ ഓടണം എന്നതാണെല്ലോ പുതിയ കാലത്തിന് അനുയോജ്യം. അങ്ങനെ സിനിമ മേഖലയിലും ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇത്തരം പ്രയോഗങ്ങളെല്ലാം സിനിമയെ സംബന്ധിച്ച് അന്യം നിൽക്കുകയും ചെയ്‌തു. ഇപ്പോൾ സിനിമ റിലീസായി കഴിഞ്ഞാൽ ഉടനെ ഉന്നയിക്കുന്ന ചോദ്യം എത്ര ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു എന്നതിന് പകരം എത്ര കോടി സിനിമയ്ക്ക് ലഭിച്ചെന്നും ? നൂറ് കോടിയ്ക്ക് അടുത്ത് സിനിമ എത്തിയോ എന്നതൊക്കെയാണ് ചോദ്യം.

സിനിമയെ സംബന്ധിച്ച് എപ്പോഴും കേൾക്കുന്ന അൻപത് കോടി , നൂറ് കോടി ക്ലബ്ബുകൾ ശരിയ്ക്കും എങ്ങനെയാണ് കണക്കാക്കുക ?

താരങ്ങളുടെ മാർക്കറ്റിങ്ങിനെ അടിസ്ഥാനമാക്കുന്നതും സിനിമയുടെ മൂല്യം കണക്കുന്നതിൻ്റെയും ഭാഗമായിട്ടാണ് കോടി ക്ലബ്ബുകൾ എന്ന പദം ഇന്ത്യക്കാർ കേട്ട് ശീലിക്കുന്നത്. യഥാർത്ഥത്തിൽ ബോളിവുഡിലാണ് ഇത്തരമൊരു രീതിയുടെ തുടക്കം. ഇന്ത്യയിൽ ഏറെ പ്രശസ്തി ആർജിച്ച തരൺ ആദർശ് ഉൾപ്പടെയുള്ള സിനിമ മേഖലയിലെ പ്രമുഖരും, ഹംഗാമ തുടങ്ങിയ വെബ് സൈറ്റുകളുമാണ് സിനിമ മേഖലയിലെ ഇത്തരത്തിലുള്ള നൂതന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. ലോകം ഒന്നാകെ വ്യാപിച്ചു കിടക്കുന്ന വലിയൊരു വ്യവസായമെന്ന നിലയ്ക്ക് സിനിമയെ വിലയിരുത്തുമ്പോൾ മികച്ച താരങ്ങളുടെ മാർക്കറ്റിംങ്ങ് നില കണക്കാക്കുന്നതിൽ സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന ആദ്യ വരുമാനവും, മൊത്തം തുകയും ഏറെ പ്രധാനപ്പെട്ട ഘടകങ്ങളായി പരിഗണിക്കുന്നു.

അതെസമയം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ബോക്‌സ് ഓഫീസിൽ ലഭ്യമായ തുക എത്രയെന്ന് വെളിപ്പെടുത്താൻ ഒട്ടുമിക്ക നിർമ്മാതാക്കളും തയ്യാറാവില്ലെന്നതാണ് വാസ്‌തവം. പലപ്പോഴും ഊഹാപോഹങ്ങളുടെയും , കേട്ടുകേൾവിയുടെയും പുറത്ത് മാത്രമാണ് സിനിമ ആരാധകർ പോലും നൂറ് കോടിയുടെയും , അൻപത് കോടിയുടെയും ആഘോഷ രാവുകൾ പോലും സംഘടിപ്പിക്കാറുള്ളത് പോലും. അതേസമയം ചില തിയേറ്റർ ഗ്രൂപ്പുകൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പരസ്യപ്പെടുത്താൻ തയ്യാറാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ട തിയേറ്റർ ഗ്രൂപ്പാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ്.

ഏറെ ആവേശത്തോടെ എല്ലാവരും കാത്തിരുന്ന മോഹൻലാൽ ചിത്രം പുലിമുരുകന് തിയേറ്ററിൽ വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് മലയാളത്തിൽ അൻപത് കോടി എന്നതും , നൂറ് കോടി എന്നത് നിർമാതാക്കൾക്കിടയിൽ പോലും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറുന്നത്. നീണ്ട കാലത്തെ കോവിഡ് പ്രതിസന്ധികൾക്കിടയിൽ മമ്മൂട്ടിയുടെ ഭീഷ്മപർവം അൻപത് കോടി ക്ലബ്ബിലും ആലിയ ഭട്ടിൻ്റെ ഗംഗുബായി നൂറ് കോടി ക്ലബ്ബിലും ഇടം നേടി. സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടം എന്നതിന് അപ്പുറത്ത് സിനിമകൾ കോവിഡ് പ്രതിസന്ധിയെ മറികടന്ന് റിലീസ് ചെയ്യുവാനുള്ള പ്രതീക്ഷയും നൽകി.

സൂപ്പർ താരങ്ങളുടെ സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്ത ആരാധക കൂട്ടായ്‌മയാണ് കോടി ക്ലബ്ബുകൾ വാർത്തകൾക്ക് പിന്നിൽ വലിയ ഓളം സൃഷ്ടിക്കുന്നത്. തെറ്റായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയും , സിനിമ പൂർണ വിജയം നേടിയെന്ന് കാണിക്കുന്നതിനുമായി ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും സിനിമ ഇടങ്ങളിലെ വ്യത്യസ്ത ആരാധക കൂട്ടായ്‌മകൾക്കിടയിൽ ഇത് ചെറിയ രീതിയിലുള്ള സംഘർഷങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. ഒരു സിനിമ പൂർണ വിജയം കൈവരിച്ചു എന്നു പറയുന്നത് നൂറ് കോടി തികയ്ക്കുക എന്നത് മാത്രമല്ല. അത്തരത്തിലാണ് ഇന്ന് ആരാധക കൂട്ടായ്‌മകൾക്കിടയിലെ മിക്ക സംഘർഷങ്ങളും പൊട്ടി പുറപ്പെടുന്നത്.

എന്താണ് യഥാർത്ഥത്തിൽ നൂറ് കോടി ക്ലബ് ?

നൂറ് കോടി എന്നത് യഥാർത്ഥത്തിൽ ഒരു സിനിമയിൽ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ടിക്കറ്റ് വഴി ലഭിക്കുന്ന പണം നൂറ് കോടി പൂർത്തിയാക്കുമ്പോഴാണ് സിനിമ നൂറു കോടി ക്ലബ് എന്ന നേട്ടം കൈവരിച്ചെന്ന് പറയുന്നത്. വിൽക്കപ്പെടുന്ന ടിക്കറ്റിനെ  അടിസ്ഥാനമാക്കിയും മൊത്തമായി ലഭിക്കുന്ന തുകയുടെ കണക്കിലുമാണ് നൂറ് കോടി കണക്കാക്കുന്നതെന്ന് സാരം.

ഒരു സിനിമ നൂറ് കോടി പൂർത്തിയാക്കുമ്പോൾ നിർമ്മാതാവിന് അതിൽ നിന്ന് ലഭിക്കുന്ന ലാഭം എത്രയാണ് ?

ഒരു സിനിമയുടെ മൊത്ത വരുമാനം നൂറ് കോടിലഭിക്കുകയാണെങ്കിൽ ലഭിക്കുന്ന നൂറ് കോടിയിൽ ഇരുപത് ശതമാനത്തിലേറേ ടാക്‌സും , സ്റാറ്റിയൂട്ടറി ഡിഡക്ഷനുമാണ്. പിന്നീട് മിച്ചം വരുന്ന 77 ശതമാനത്തിൽ നിന്നാണ് സിനിമയുടെ നിർമ്മാതാവും തിയേറ്റർ ഉടമകളും തമ്മിൽ ഷെയർ ചെയ്യുന്നത്. ഈ പണത്തെയാണ് സിനിമയുടെ നെറ്റ് കളക്ഷൻ എന്ന് വിളിക്കുന്നത്. ഉദാഹരണം : ഒരു സിനിമ നൂറ് കോടി രൂപ നേടിയെടുത്താൽ അതിലെ നെറ്റ് കളക്ഷൻ 77 കോടി രൂപയാണ്. ഈ തുകയിൽ നിന്നാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ പങ്കിട്ടെടുക്കുന്നത്.

നൂറ് കോടി ക്ലബ്ബിൽ ഒരു സിനിമ കയറിയാൽ സിനിമ പൂർണമായി വിജയിച്ചെന്ന് കണക്കാക്കാൻ സാധിക്കുമോ ?

നൂറ് കോടി ക്ലബ്ബിൽ കയറി എന്നതുകൊണ്ട് മാത്രം സിനിമ വിജയിച്ചു എന്ന് കണക്കാക്കാൻ സാധിക്കുകയില്ല. സിനിമയുടെ ബജറ്റിനെ അടിസ്ഥാനപ്പെടുത്തി മൊത്തം ലഭിച്ച വരുമാനവും , നെറ്റ് കളക് ക്ഷനും തമ്മിൽ താരതമ്യപ്പെടുത്തി മാത്രമേ നിർമാതാവിന് ലാഭം ലഭിച്ചോ എന്നത് പറയാൻ സാധിക്കുകയുള്ളു. നൂറ് കോടി എന്നതിലേയ്ക്ക് സിനിമയെ എത്തിക്കുക എന്നത് വലിയ കാര്യമാണ്. അതെ സമയം ഈ ഒരു മാനദണ്ഡത്തെ മാത്രം അടിസ്ഥാനമാക്കി സിനിമ പൂർണ വിജയം കണ്ടെന്ന് പറയുവാനും സാധിക്കില്ല. നൂറു കോടിയും , അൻപത് കോടിയും തികയ്ക്കുക എന്നതിന് അപ്പുറത്ത് കാമ്പുള്ള നല്ല സിനിമകൾ ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനം .