തരുണ്‍ മൂര്‍ത്തി ചിത്രം ‘സൗദി വെള്ളക്ക’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി! ചിത്രം ഡിസംബറില്‍ തിയേറ്ററില്‍
1 min read

തരുണ്‍ മൂര്‍ത്തി ചിത്രം ‘സൗദി വെള്ളക്ക’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി! ചിത്രം ഡിസംബറില്‍ തിയേറ്ററില്‍

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ഇപ്പോള്‍ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തിറക്കിയത്. വ്യത്യസ്തത നിറഞ്ഞ ആശയം കൊണ്ടും വേറിട്ട പ്രൊമോഷന്‍ രീതികള്‍ കൊണ്ടും ഇതിനോടകം തന്നെ ചിത്രം ജനശ്രദ്ധ നേടി. ചിത്രം ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും. ഒരു സാമൂഹിക ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ധാരാളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

‘സാറേ ഒരു ആനയെ ഒപ്പിച്ച് തരാന്‍ പറ്റുവോ’ എന്ന ബിനു പപ്പു അവതരിപ്പിക്കുന്ന കഥപാത്രം ട്രെയിലറിലെ രസകരമായ ഒരു സംഭാഷണം ആണ്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ എത്തുന്ന ചിത്രമാണിത്.

തരുണ്‍ മൂര്‍ത്തി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ ജാവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സൗദി വെള്ളക്ക. തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിരിക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതുപോലെ, ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റുമാര്‍, നിരവധി കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി പോലീസ് ഓഫീസര്‍മാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടിയിരുന്നു.

ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനില്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇതിലെ കോടതി രംഗങ്ങള്‍ യാഥാര്‍ഥ്യത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന തരത്തില്‍ തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് നടന്നത് കൊച്ചിയിലും പെരുമ്പാവൂരിലുമായാണ്.

കഥ, തിരക്കഥ, സംവിധാനം: തരുണ്‍ മൂര്‍ത്തി.
ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍.
ചിത്രസംയോജനം: നിഷാദ് യൂസഫ്,
സഹനിര്‍മ്മാണം: ഹരീന്ദ്രന്‍,
ശബ്ദ രൂപകല്‍പന: വിഷ്ണു ഗോവിന്ദ് -ശ്രീശങ്കര്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍,
സംഗീതം: പാലീ ഫ്രാന്‍സിസ്.
ഗാന രചന: അന്‍വര്‍ അലി,
രംഗപടം: സാബു മോഹന്‍,
ചമയം: മനു മോഹന്‍,
കാസ്റ്റിങ് ഡയറക്ടര്‍: അബു വാളയംകുളം,
വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ. ,
നിശ്ചലഛായഗ്രാഹണം: ഹരി തിരുമല,
പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: മനു ആലുക്കല്‍.