‘ഇത് ഉള്ളില്‍ തട്ടുന്ന വെള്ളക്ക, എന്നാ പെര്‍ഫോമന്‍സ് ആണ് എല്ലാവരും’ ; മികച്ച പ്രതികരണവുമായി സൗദി വെള്ളക്ക
1 min read

‘ഇത് ഉള്ളില്‍ തട്ടുന്ന വെള്ളക്ക, എന്നാ പെര്‍ഫോമന്‍സ് ആണ് എല്ലാവരും’ ; മികച്ച പ്രതികരണവുമായി സൗദി വെള്ളക്ക

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഓപ്പറേഷന്‍ ജാവയല്ല. ഇത് ആകെ മൊത്തം വേറൊരു സിനിമ’ സൗദി വെള്ളക്ക എന്ന സിനിമ കണ്ടവരുടെ അഭിപ്രായമാണിത്. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞ ഒരു കാര്യം പോലെ, ഇത് ഓപ്പറേഷന്‍ ജാവയല്ല. തികച്ചും വ്യത്യസ്തമായ അച്ചില്‍ വാര്‍ത്ത മറ്റൊരു ചിത്രമാണ്. ട്രെയ്‌ലറിലും പ്രമോഷന്‍ രീതികളിലും മാത്രമല്ല, പറയുന്ന വിഷയത്തിലും ട്രീറ്റ്‌മെന്റിലും അഭിനേതാക്കളുടെ പ്രകടനത്തിലും ഈ പുതുമ കാണാം.

സിനിമ പ്രേക്ഷകരെ സന്തോഷിപ്പിക്കുമോ എന്ന് ചോദിച്ചാല്‍ സന്തോഷിപ്പിക്കും. ഒപ്പം കണ്ണ് നനയിക്കുകയും ചെയ്യും. ഇടയ്ക്ക് സന്തോഷവും ഇടയ്ക്ക് സങ്കടവും ഡാര്‍ക്ക് ഹ്യൂമറും മറ്റുമായി ‘സൗദി വെള്ളക്ക’ തിയേറ്ററില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരു നല്ല റിയലിസ്റ്റിക് സിനിമ കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് സൗദി വെള്ളക്ക കാണാന്‍ ധൈര്യമായി ടിക്കറ്റ് എടുക്കാം എന്നാണ് സിനിമക കണ്ട പ്രേക്ഷകര്‍ പറയുന്നത്. അതുപോലെ ഈ ചിത്രം കുടുംബവുമൊത്ത് വന്ന് കാണാന്‍ പറ്റിയ അടിപൊളി സിനിമയാണെന്നും ചിലര്‍ പറയുന്നുണ്ട്.

വ്യത്യസ്തത നിറഞ്ഞ ആശയം കൊണ്ടും വേറിട്ട പ്രൊമോഷന്‍ രീതികള്‍ കൊണ്ടും നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ജനശ്രദ്ധ നേടിയിരുന്നു. ഒരു സാമൂഹിക ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ധാരാളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ ജാവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സൗദി വെള്ളക്ക. തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിരിക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതുപോലെ, ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, നിരവധി കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി പോലീസ് ഓഫീസര്‍മാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടിയിരുന്നു.

ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനില്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇതിലെ കോടതി രംഗങ്ങള്‍ യാഥാര്‍ഥ്യത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന തരത്തില്‍ തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് നടന്നത് കൊച്ചിയിലും പെരുമ്പാവൂരിലുമായാണ്.