ബ്ലോക്ബസ്റ്റര്‍ വിജയമായി ടൊവിനോയുടെ തല്ലുമാല; ഗ്രോസ് കളക്ഷനില്‍ നാലാം സ്ഥാനത്ത്! ആദ്യസ്ഥാനം ഭീഷ്മപര്‍വ്വം
1 min read

ബ്ലോക്ബസ്റ്റര്‍ വിജയമായി ടൊവിനോയുടെ തല്ലുമാല; ഗ്രോസ് കളക്ഷനില്‍ നാലാം സ്ഥാനത്ത്! ആദ്യസ്ഥാനം ഭീഷ്മപര്‍വ്വം

ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ടൊവിനോ തോമസ് ചിത്രം തല്ലുമാല. ചിത്രം റിലീസ് ചെയ്ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച കളക്ഷനാണ് തല്ലുമാല നേടിയത്. ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററില്‍ എത്തിയിരുന്നത്. കൂടാതെ, ചിത്രം ഒ.ടി.ടി റിലീസായും പ്രേക്ഷകരിലേക്ക് എത്തി. അന്ന് കേരളത്തില്‍ മാത്രം 231 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ 164 സ്‌ക്രീനുകളിലും പ്രദര്‍ശനം തുടരാന്‍ ചിത്രത്തിന് കഴിഞ്ഞു. സമീപകാലത്തൊന്നും ഒരു മലയാള ചിത്രം ഇത്രയും സ്‌ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല.

അതേസമയം, കേരളത്തിനൊപ്പം തന്നെയാണ് തല്ലുമാല മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും റിലീസിന് എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൗദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്.

ഇപ്പോഴിതാ, തിയേറ്ററില്‍ സ്‌ക്രീനിംങ് പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 47.30 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും മാത്രം 27 കോടി നേടിയ ചിത്രം കര്‍ണാടകയില്‍ നിന്നും നേടിയത് 1.15 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 18 കോടിക്ക് അടുത്താണ് തല്ലുമാല സ്വന്തമാക്കിയത്. ഇതോടെ 2022 ലെ ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് തല്ലുമാലയുള്ളത്. അതേസമയം, ആദ്യ സ്ഥാനം ഭീഷ്മപര്‍വ്വത്തിനാണ്. രണ്ടാം സ്ഥാനത്ത് ഹൃദയവും മൂന്നാം സ്ഥാനത്ത് ജനഗണമനയുമാണുള്ളത്. റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് തല്ലുമാല എന്നതില്‍ യാതൊരു സംശയവും ഇല്ല.

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തല്ലുമാല. മികച്ച പ്രേക്ഷക പ്രതികരണം കിട്ടിയ ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍, കല്യാണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.