#Thalapathy67 : നായികയില്ല, പാട്ടില്ല, ഡാൻസില്ല, പക്കാ റിയൽ ദളപതി വിജയ് സിനിമ ചെയ്യാൻ ഹിറ്റ്‌മേക്കർ ലോകേഷ് കനകരാജ്
1 min read

#Thalapathy67 : നായികയില്ല, പാട്ടില്ല, ഡാൻസില്ല, പക്കാ റിയൽ ദളപതി വിജയ് സിനിമ ചെയ്യാൻ ഹിറ്റ്‌മേക്കർ ലോകേഷ് കനകരാജ്

മിഴ് നാട്ടിലും കേരളത്തിലും നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ്. താരത്തിന്റെ റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും കേരളത്തിലും വന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. അങ്ങനെ കഴിഞ്ഞ കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വന്‍ ഹിറ്റായ ചിത്രമാണ് വിജയ് നായകനായെത്തിയ മാസ്റ്റര്‍. വിജയിയും മറ്റൊരു സൂപ്പര്‍ താരമായ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. മാസ്റ്റര്‍ കേരളത്തില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫിസില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്.

മാസ്റ്ററിലെ വാത്തികമിംങ് എന്ന ഗാനത്തിനെല്ലാം വന്‍ ശ്രദ്ധയായിരുന്നു നേടിയത്. കുഞ്ഞു കുട്ടികള്‍ വരെ പാടി നടക്കുന്ന ഗാനമായി മാറിയിരുന്നു ഇത്. മാസ്റ്റര്‍ ചിത്രം റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. മാസ്റ്ററിന് ശേഷം വിജയിയും കനകരാജും വീണ്ടും ഒന്നിക്കുന്നവെന്ന വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

2022 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ട് എല്ലാവരേയും ഞെട്ടിക്കുന്ന സംഭവം തന്നെയാണ്. പതിവ് വിജയ് സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി നായികയോ ഗാനരംഗങ്ങളോ ഇല്ലാതെ ആയിരിക്കും ചിത്രം ഒരുങ്ങാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലോകെഷിന്‌റെ മുന്‍ ചിത്രങ്ങളായിരുന്ന മാന നഗരം, കൈതി എന്നീ ചിത്രങ്ങളില്‍ ഗാനങ്ങളോ നായികമാരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാസ്റ്ററില്‍ മാത്രമായിരുന്നു ഇതെല്ലാം ഉണ്ടായിരുന്നത്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലളിത് കുമാര്‍ പ്രൊഡക്ഷന്‍ ആണെന്നാണ് വിവരം.

ചിത്രത്തിന്റെ ലൊക്കേഷന്‍ റഷ്യയാണെന്നും ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആളുകളെ കബളിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഒരു കോണ്‍ഏജന്റിന്റെ വേഷമാവും വിജയ് കൈകാര്യം ചെയ്യുകയെന്നെല്ലാം മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും തമിഴ്- തെലുങ്ക് ഇന്‍ഡസ്ഡ്രിയിലെ ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ദളപതി 67 എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവുമില്ല.

അതേസമയം വംശി പെഡപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും എത്തുന്നുണ്ട്. വിജയിയുടെ ബീസ്റ്റ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നെല്‍സണ്‍ ദിലീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് പൂജ ഹെഗ്‌ഡെയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 30ന് ആണ്. നേരത്തെ ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്തു ഗാനം ഏറെ വൈറലായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയതും ഗാനം ആലപിച്ചതും. ശിവകാര്‍ത്തികേയന്റേതാണ് വരികള്‍. സണ്‍ പിക്‌ചേഴ്‌സാണ് ബീസ്റ്റ് ചിത്രം നിര്‍മ്മിക്കുന്നത്.