‘ഞാനൊരു ചെറിയ ലോഡ്ജിലും മമ്മൂക്ക പങ്കജ് ഹോട്ടലിലുമായിരുന്നു താമസം! അത് തന്നെ ഒരുപാട് വേദനിപ്പിച്ചു; ധ്രുവം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം
1 min read

‘ഞാനൊരു ചെറിയ ലോഡ്ജിലും മമ്മൂക്ക പങ്കജ് ഹോട്ടലിലുമായിരുന്നു താമസം! അത് തന്നെ ഒരുപാട് വേദനിപ്പിച്ചു; ധ്രുവം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ‘പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷന്‍ ചടങ്ങ് നടന്നത്. ചടങ്ങിനിടയില്‍ മലയാള സിനിമയിലേക്ക് അഭിനയിക്കാനെത്തിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് തമിഴ്താരം വിക്രം. ധ്രുവം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കഥയാണ് വിക്രം തുറന്നു പറഞ്ഞത്. വിക്രം മലയാള സിനിമകള്‍ അധികം ചെയ്തില്ലെങ്കിലും താരത്തിന് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്.

തമിഴില്‍ രണ്ടാമത്തെ സിനിമയ്ക്കു ശേഷമാണ് സംവിധായകന്‍ ജോഷി തന്നെ വിളിക്കുന്നതെന്നും, അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു. 1992-93 കാലത്ത്, ഞാന്‍ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയം. ഏതോ മാഗസിനില്‍ വന്ന ഫോട്ടോ കണ്ട് ജോഷി സാര്‍ തന്നെ സിനിമയിലേക്ക് വിളിച്ചു. ധ്രുവത്തിലെ ഭദ്രന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു അത്. ഞാന്‍ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം. ഇന്ന് ഞാന്‍ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാന്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജാണ് അത്.

എന്നാല്‍ മമ്മൂക്ക താമസിച്ചിരുന്നത് പങ്കജ് ഹോട്ടലിലാണ്. ഞാന്‍ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാന്‍ പങ്കജ് ഹോട്ടലിലില്‍ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലില്‍ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലില്‍ ഞാന്‍ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട് വിക്രം കൂട്ടിച്ചേര്‍ത്തു.

താന്‍ ധ്രുവത്തില്‍ അഭിനയിക്കുന്ന സമയത്ത് ആര്‍ക്കും തന്നെ അറിയില്ല. ഞാന്‍ രാവിലെ നടക്കാന്‍ പോകാറുണ്ടായിരുന്നു. എംജി റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാള്‍ എന്നെ കണ്ട് വിളിച്ചു. ഞാന്‍ സന്തോഷത്തില്‍ നോക്കി, അയാള്‍ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാള്‍ പോയി. പക്ഷേ ഇന്ന് നിങ്ങള്‍ എല്ലാവരും ‘വിക്രം വിക്രം’ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

അതേസമയം, പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തി, ജയം രവി, പാര്‍ഥിപന്‍, ജയറാം, തൃഷ, ഐശ്വര്യ റായി തുടങ്ങിയ താരങ്ങളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിത്യ കരികാലനെന്ന ചോള രാജവംശത്തിലെ രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം ലോകമൊട്ടാറെ റിലീസിനെത്തും.