വിജയുടെ ഉദ്ദേശം രാഷ്ട്രീയപ്രവേശനം… സൈക്കിൾ യാത്ര പ്രതിഷേധം തന്നെ… വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ്
1 min read

വിജയുടെ ഉദ്ദേശം രാഷ്ട്രീയപ്രവേശനം… സൈക്കിൾ യാത്ര പ്രതിഷേധം തന്നെ… വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ്

മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ എത്തിയത് ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങിൽ ഇടംപിടിച്ച വാർത്തയായിരുന്നു. കുതിച്ചുയർന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് കൊണ്ടാണ് സൂപ്പർതാരം വിജയ് സൈക്കിളിൽ സഞ്ചരിച്ച് വോട്ടുചെയ്യാൻ പോയതെന്ന് വ്യാഖ്യാനങ്ങൾ പുറത്തുവന്നതോടെ ദേശീയതലത്തിൽ വരെ വിജയുടെ സൈക്കിൾ സഫാരി ചർച്ചചെയ്യപ്പെട്ടു.എന്നാൽ സംഭവത്തിൽ പ്രതിഷേധം ഒന്നുമില്ല എന്നും കാറ് കൊണ്ടുപോകാൻ കഴിയാത്ത വഴിയായതിനാലാണ് വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോയതെന്നും വെളിപ്പെടുത്തിക്കൊണ്ട് വിജയുടെ പി.ആർ ടീം രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ വിജയുടെ സൈക്കിൾ യാത്രയ്ക്ക് രാഷ്ട്രീയ ഉദ്ദേശം തന്നെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖരൻ തുറന്നു പറഞ്ഞിരിക്കുകയാണ്. ചെന്നൈയിലെ വസതിയിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു വിജയുടെ പിതാവ്. ജനങ്ങളുടെ പ്രശ്നങ്ങൾ തുറന്നുകാട്ടാൻ ആയിരുന്നു വിജയ് സൈക്കിളിൽ യാത്ര നടത്തിയതെന്നും സാധാരണക്കാർക്ക് വേണ്ടിയാണ് വിജയ് അങ്ങനെ ചെയ്യാൻ തയ്യാറായതെന്നും വിജയുടെ പിതാവ് വെളിപ്പെടുത്തി.

ജനങ്ങൾ ആഗ്രഹിക്കുമ്പോൾ വിജയുടെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്നും എപ്പോൾ വേണമെങ്കിലും വിജയ് രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങുമെന്നും എസ്.എ ചന്ദ്രശേഖരൻ വ്യക്തമാക്കി. വിജയുടെ ആരാധക സംഘടനയെ ഒരു രാഷ്ട്രീയ പാർട്ടി ആക്കി മാറ്റുന്നതിനായുള്ള വലിയ ശ്രമങ്ങൾ അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രശേഖരൻ നടത്തിയിരുന്നു. എന്നാൽ പിതാവിന്റെ ആ തീരുമാനത്തിൽ നിന്നും വിജയ് പിന്മാറുകയാണ് ചെയ്തത്. കൂടാതെ ആരാധക സംഘടനയുടെ ഭാരവാഹികളോട് പിതാവിന്റെ നിർദേശങ്ങൾ സ്വീകരിക്കരുതെന്നും വിജയ് നിർദേശം നൽകുകയും ചെയ്തിരുന്നു.

Leave a Reply