മകളുടെ സ്മരണാര്‍ത്ഥം ഇടമലക്കുടിയില്‍ ഏറ്റവും അനിവാര്യമായ കുടിവെള്ള പദ്ധതി നടപ്പിലാക്കി സുരേഷ് ഗോപി
1 min read

മകളുടെ സ്മരണാര്‍ത്ഥം ഇടമലക്കുടിയില്‍ ഏറ്റവും അനിവാര്യമായ കുടിവെള്ള പദ്ധതി നടപ്പിലാക്കി സുരേഷ് ഗോപി

മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴ് ലക്ഷം രൂപ ചെലവില്‍, വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നല്‍കിയത് ആവേശകരമായ സ്വീകരണം നല്‍കി. താളമേളങ്ങളുടെ അകമ്പടിയോടെ വനപുഷ്പങ്ങള്‍ നല്‍കിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. ആദ്യമായാണ് അദ്ദേഹം ഇടമലക്കുടിയില്‍ എത്തുന്നത്.

സുരേഷ് ഗോപി തിങ്കളാഴ്ച തന്നെ അടിമാലിക്ക് സമീപമുള്ള ആനച്ചാലില്‍ എത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ സ്വന്തം വാഹനത്തില്‍ പെട്ടിമുടിയില്‍ എത്തുകയും, രണ്ടുവര്‍ഷം മുന്‍പ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അവിടെ നിന്ന് ജീപ്പില്‍ ദുര്‍ഘടപാതയിലൂടെ എട്ടുകിലോ മീറ്റര്‍ അകലെയുള്ള ഇഡ്ഡലിപ്പാറക്കുടിയിലെത്തി.

 

അവിടുന്ന സുരേഷ് ഗോപിയെ കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. കൂടാതെ, കുടിയുടെ ആചാരപ്രകാരം നൃത്തവും വാദ്യമേളങ്ങളും അദ്ദേഹത്തിന് വേണ്ടി ഒരുക്കിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ അദ്ദേഹത്തിന് പൂക്കള്‍ നല്‍കുകയും ചെയ്തു. കുടിക്കാരുമായി ഏറെനേരം സംവദിച്ച സുരേഷ് ഗോപി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. കുടിയില്‍ തകര്‍ന്ന ടാര്‍പ്പക്കുളം ശരിയാക്കുന്നതിനാവശ്യമായ സാധനങ്ങളും വാങ്ങി നല്‍കി. കുടി കാണിമാരെയും തലൈവന്‍മാരെയും പഞ്ചായത്തംഗങ്ങളെയും ഷാളണിയിച്ച് ആദരിച്ചു. കുടിയില്‍നിന്ന് ഭക്ഷണം കഴിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡ്, വൈദ്യുതി, മൊബൈല്‍ റേഞ്ച് എന്നിവയ്ക്കായി ശ്രമം നടത്തുമെന്ന ഉറപ്പും സുരേഷ് ഗോപി നല്‍കി. രാജ്യസഭാംഗമായിരിക്കുമ്പോള്‍ എം.പി.ഫണ്ടില്‍നിന്ന് ഇടമലക്കുടി പഞ്ചായത്തിലെ ഇഡ്ഡലിപ്പാറക്കുടിയിലേയ്ക്ക് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ എതിര്‍പ്പും മറ്റ് സാങ്കേതിക കാരണങ്ങളുംമൂലം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല.

വനംവകുപ്പില്‍നിന്ന് അനുവാദം ലഭിക്കുവാന്‍ ഏറെ താമസിക്കുമെന്ന കാരണത്താല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആ 12 ലക്ഷം രൂപ മറ്റൊരു പദ്ധതിക്കായി നല്‍കി. എന്നാല്‍ ഇടമലക്കുടിക്കാര്‍ക്ക് നല്കിയ വാഗ്ദാനത്തില്‍നിന്ന് സുരേഷ് ഗോപി പിന്‍മാറിയില്ല. മകള്‍ ശ്രീലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴുലക്ഷം രൂപ നല്കി ഇഡ്ഡലിപ്പാറക്കുടിയില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു.