‘മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി…! കാലം അത് വ്യക്തമാക്കി തരും’ ; സുരേഷ് ഗോപി
1 min read

‘മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി…! കാലം അത് വ്യക്തമാക്കി തരും’ ; സുരേഷ് ഗോപി

ല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമകളിലൂടെ സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകരുടെ എണ്ണത്തിന് കണക്കുകളില്ല. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സുരേഷ് ഗോപിയിലെ മനുഷ്യനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം സുരേഷ് ഗോപി എന്ന നടനെ സിനിമാ പ്രേമികള്‍ക്ക് മിസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മികച്ച തിരിച്ചുവരവായിരുന്നു പാപ്പനിലൂടെ അദ്ദേഹം കാഴ്ച്ചവെച്ചത്.

കേരളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവ് നടനും മുന്‍ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയാണെന്ന് ബിജെപി സര്‍വേ റിപ്പോര്‍ട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോദിയെക്കുറിച്ച് സുരേഷ് ഗോപി പറയുന്ന ചില വാക്കുകളാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി.ജെ.പി. തമിഴ്നാട് ഘടകത്തിന്റെ ഇതരഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകവേയായിരുന്നു സുരേഷ് ഗോപി മോദിയെക്കുറിച്ച് സംസാരിച്ചത്.

രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്നത്. ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങള്‍ക്കൊപ്പംനിന്നുവെന്നും സുരേഷ് ഗോപി പറയുന്നു. മികച്ച രാഷ്ട്രീയനേതാക്കളെപ്പോലും നല്ലതുചെയ്യാന്‍ അനുവദിക്കാതിരുന്ന മേല്‍ക്കോയ്മ മുന്‍ ഭരണങ്ങളില്‍ ഉണ്ടായിരുന്നു. അതു മാറ്റിമറിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം ദോഷകരമെന്നു തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനംചെയ്ത പലപദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. കാലം അതു വ്യക്തമാക്കിത്തരുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരം ഏറ്റത് മുതല്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധം ഭരണമികവ് രാജ്യത്ത് പ്രകടമായി തുടങ്ങിയെന്നും സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.