പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു
1 min read

പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു നല്ല തിയറ്റർ പ്രീതികരണങ്ങളാണുള്ളത്. നൈല ഉഷ, നിത പിള്ള, ആശ ശരത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ പാപ്പൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് മീഡിയകളിൽ തരംഗമാകുന്നത്. “പാപ്പൻ സിനിമയിൽ സുരേഷ് ഗോപി അല്ലായിരുന്നുവെങ്കിൽ ആ റോൾ ആര് ചെയ്യുമായിരുന്നു” എന്നായിരുന്നു അവതാരികയുടെ ചോദ്യം. ഈ സിനിമയുടെ റൈറ്ററുമായിപ്പോലും സംഭാഷണങ്ങൾ ഉണ്ടായപ്പോൾ ഇദ്ദേഹം പറഞ്ഞത് “ഈ റോൾ ചെയ്യുമെങ്കിൽ മമ്മൂക്ക ചെയ്യണം” എന്നായിരുന്നു. മമ്മൂക്ക ഈ റോൾ ചെയ്താൽ നല്ലതായിരിക്കും എന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ ഈ മറുപടി ആരാധകർക്കിടയിലും വലിയ ആവേശമാണ് ഉണ്ടാക്കിയത്.

‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ സുരേഷ് ഗോപി, ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ മലയാള മനസ്സുകളിൽ ഇടം പിടിച്ചു. പിന്നീട് ‘കമ്മീഷണർ’ എന്ന സിനിമയിലൂടെ സൂപ്പർതാരമായി ഉയർന്നു. അവിടുന്നങ്ങോട്ട് ദേശീയ അവാർഡ് ജേതാവ് വരെയായി. മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സുരേഷ് ഗോപി സാന്നിധ്യം തെളിയിച്ചു. സമീപകാലത്ത് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആറാമത്തെ മലയാളി കൂടിയായിരുന്നു സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ആക്ഷൻ ചിത്രങ്ങളാണ് ‘ഒറ്റക്കൊമ്പൻ’, ‘എസ്ജി 251’ എന്നിവ. കുറേക്കാലം രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി സിനിമയിൽ നിന്ന് വിട്ടു നിന്ന ഇദ്ദേഹം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ആക്ഷൻ കിങ്ങിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഇനിയങ്ങോട്ട് സിനിമയിൽ ഇദ്ദേഹം സജീവമായി ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.