കൂളിംങ് ഗ്ലാസ് വെച്ച് സൂപ്പര്‍ലുക്കില്‍ സുരേഷ് ഗോപി ; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
1 min read

കൂളിംങ് ഗ്ലാസ് വെച്ച് സൂപ്പര്‍ലുക്കില്‍ സുരേഷ് ഗോപി ; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

വികാരങ്ങളുടെ കൂട്ടത്തില്‍ കോരിതരിപ്പ് എന്നൊരു സംഭവമുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യന്‍ സ്‌ക്രീനില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോള്‍ മലയാളികള്‍ ആ വികാരം ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്. ആക്ഷന്‍ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ സുരേഷ് ഗോപി, മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി, രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി അങ്ങനെ വിശേഷണങ്ങള്‍ പലതാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി പേരുടെ മനസ് നിറച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പാപ്പന്‍’.

മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ് പാപ്പന്‍. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഫാന്‍ പേജുകളില്‍ വൈറലാവുന്നത്. കുളിംങ് ഗ്ലാസ് വെച്ച് സുപ്പര്‍ലുക്കിലാണ് താരം പരിപാടിയില്‍ പങ്കെടുക്കാനായെത്തിയത്. കണ്ണാടി നോക്കും കാട്ടുപൂവേ, കണ്ണു വയ്ക്കാതെ തമ്പുരാനെ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നത്.

കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും നിരവധി ദുരൂഹതകളും സസ്‌പെന്‍സുമെല്ലാം കോര്‍ത്തിണക്കി മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ ജോഷി ഒരുക്കുന്ന ആക്ഷന്‍ മാസ് ചിത്രമാണ് പാപ്പന്‍. 18 ദിവസത്തിനുള്ളിലാണ് പാപ്പന്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്.

ഇനി റിലീസിനായി കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മേം ഹും മൂസയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’. സൈജു കുറുപ്പ്, ജോണി ആന്റണി, സലിംകുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, ശരണ്‍, അശ്വനി, ജിജിന, സ്രിന്ദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കോടെ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.