“മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയിൽ കുറച്ച് സുരേഷ് ഗോപി മാനറിസങ്ങൾ ചേർത്ത് മാറ്റി” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് ദിനേശ് പണിക്കർ
1 min read

“മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയിൽ കുറച്ച് സുരേഷ് ഗോപി മാനറിസങ്ങൾ ചേർത്ത് മാറ്റി” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് ദിനേശ് പണിക്കർ

ഒരുകാലത്ത് മലയാള സിനിമയിൽ ആളുകൾ തിയറ്ററിലേക്ക് കയറണമെങ്കിൽ ഉള്ള മൂന്ന് സാധ്യതകളെന്നു പറയുന്നത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നതായിരുന്നു. ഇവർ മൂന്നുപേരിൽ ആരെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ ആ സിനിമ ഹിറ്റാകും എന്നുള്ള ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. സുരേഷ് ഗോപി നായകനായി എത്തി സൂപ്പർ ഹിറ്റ് ആയ ചിത്രമാണ് രജപുത്ര എന്ന ചിത്രം. ഇന്നും ടെലിവിഷനിൽ വരുമ്പോൾ വലിയ റിപ്പീറ്റ് വാല്യുവാണ് ഈ ചിത്രത്തിനുള്ളത്. ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കർ ആണ്. ഒരു നടൻ എന്ന നിലയിലും അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായ വ്യക്തിയാണ്. കിരീടം അടക്കമുള്ള സിനിമകളുടെ നിർമാതാവ് കൂടിയായിരുന്നു ദിനേശ് പണിക്കർ.

ചിരിക്കുടുക്ക എന്ന ചിത്രമാണ് ദിനേശ് പണിക്കർ അവസാനമായി നിർമ്മിച്ച ചിത്രം. ഇപ്പോൾ രജപുത്ര എന്ന സിനിമയുടെ ഷൂട്ടിങ്ങിലെ ചില വെല്ലുവിളികളെ കുറിച്ചാണ് ദിനേശ് പണിക്കർ ഓർമ്മിച്ച് പറയുന്നത്. സുരേഷ് ഗോപിക്ക് വേണ്ടി ഒരു തിരക്കഥ രഞ്ജിത്ത് ഒരുക്കാൻ തുടങ്ങിയിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നായിരുന്നു ആ സിനിമയ്ക്ക് പേരിട്ടത്. അത് സുരേഷ് ഗോപിക്ക് ഇഷ്ടമാവുകയും ചെയ്തതാണ്. ആ സമയത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു സിനിമ എഴുതുവാൻ വേണ്ടി രഞ്ജിത്തിനെ അവർ വിളിക്കുകയായിരുന്നു. അത് തീർത്തിട്ട് പെട്ടെന്ന് വരാമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. കുഴപ്പമില്ലന്ന് ഞങ്ങളും പറഞ്ഞു. പക്ഷേ ആ പ്രോജക്ട് മൂന്നുമാസമായിട്ടും തുടങ്ങിയില്ല. അങ്ങനെ ഞങ്ങൾ ടെൻഷൻ ആകുവാൻ തുടങ്ങി. സുരേഷ് ഗോപി തന്ന ഡേറ്റ് അടുത്തടുത്ത് വരികയാണ്. ഞങ്ങൾ രഞ്ജിത്തിനോട് ഇതിനെ പറ്റി സംസാരിച്ചു.

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ തിരക്കഥ എഴുതാൻ സമയമെടുക്കും എന്നും തൽക്കാലം മോഹൻലാലിന് വേണ്ടി എഴുതിയ സബ്ജക്ട് നിങ്ങളെ കേൾപ്പിക്കാം എന്നുമായിരുന്നു രഞ്ജിത്തിന്റെ മറുപടി. മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയിൽ കുറച്ച് സുരേഷ് ഗോപി മാനറിസങ്ങൾ ചേർത്ത് മാറ്റിയാൽ മതി എന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെ മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയിൽ സുരേഷ് ഗോപി നായകനായി എന്നും ദിനേശ് പണിക്കർ പറയുന്നു. അങ്ങനെ അത് സുരേഷ് ഗോപിയിൽ എത്തി. സുരേഷ് ഗോപിയുടെ ഗ്ലാമറും ആക്ഷൻ ഡയലോഗും എല്ലാം ഉപയോഗപ്പെടുത്തുന്ന ഒരു സിനിമയായിരുന്നു അത്. എംപറർ എന്ന പേരിട്ട ചിത്രം പിന്നീട് രജപുത്ര എന്നാക്കി മാറ്റി.