‘ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്’; സുരേഷ് ഗോപി
1 min read

‘ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്’; സുരേഷ് ഗോപി

സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടി സ്ട്രീമിംഗ് 11നായിരുന്നു തുടങ്ങിയത്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ്മീറ്റുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ മുസ്ലിം അല്ലെങ്കില്‍ ഭാരതീയനായ ഭാരതത്തോട് സ്‌നേഹമുള്ള മുസ്ലിം അങ്ങനൊന്നില്ല. ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്. രാഷ്ട്രീയ ദുരുപയോഗത്തിന് വേണ്ടി സെഗ്മെന്റലൈസ് ചെയ്ത് ചില ആള്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. അവര്‍ ചെയ്യുന്നതോ ചിന്തിക്കുന്നതോ എന്തെങ്കിലും രാജ്യത്തിന് ദോഷമായി മാറുന്നുണ്ടെങ്കില്‍ അവരെയാണ് രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. ദേശീയതയുടേയും ദേശസ്‌നേഹത്തിന്റേയും പേരില്‍ രാഷ്ട്രീയ മുതലേടുപ്പ് നടത്തുന്നവര്‍ ആരാണെന്ന് തുറന്നുകാണിക്കുന്ന സിനിമയാണ് മേം ഹൂം മൂസ എന്ന് ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

എഴുപത്തിയഞ്ച് ദിവസത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ദില്ലി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. കേരളത്തില്‍ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രചന – രൂപേഷ് റെയ്ന്‍, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസക്കുണ്ട്. 1998 മുതല്‍ 2018 വരെയുള്ള സമയത്താണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവര്‍ സംയുക്തമായി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്