‘ഞാനാണ് ഡയാന ചേച്ചിയെങ്കില്‍ രതീഷേട്ടന്‍ പോയ പിന്നാലെ ആത്മഹത്യ ചെയ്‌തേനെ’; നിറകണ്ണുകളോടെ സുഹൃത്തിനെക്കുറിച്ച് സുരേഷ് ഗോപി
1 min read

‘ഞാനാണ് ഡയാന ചേച്ചിയെങ്കില്‍ രതീഷേട്ടന്‍ പോയ പിന്നാലെ ആത്മഹത്യ ചെയ്‌തേനെ’; നിറകണ്ണുകളോടെ സുഹൃത്തിനെക്കുറിച്ച് സുരേഷ് ഗോപി

മലയാളികളുടെ പ്രിയതാരമാണ് ആക്ഷന്‍ കിംഗ് സുരേഷ് ഗോപി. കാലങ്ങളായുള്ള തന്റെ അഭിനയജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. സുരേഷ് ഗോപിയുടെ സൗഹൃദവലയങ്ങളില്‍ പ്രമുഖനായിരുന്നു നടന്‍ രതീഷ്. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെക്കുറിച്ച് സംസാരിച്ച് കണ്ണ് നിറയുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

അമൃത ടിവി സ്‌പെഷ്യല്‍ പ്രോഗ്രാം ജനനായകനില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രിയ സുഹൃത്തിനെ ഓര്‍ത്ത് കണ്ണുനിറയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഞാനാണ് ഡയാന ചേച്ചിയെങ്കില്‍ രതീഷേട്ടന്‍ പോയ പിന്നാലെ ആത്മഹത്യ ചെയ്‌തേനെ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്. രതീഷിന്റേയും ഭാര്യയുടേയും മരണത്തോടെ അനാഥരായ നാല് കുഞ്ഞുങ്ങള്‍ക്ക് പിന്നീട് അഭയമായത് നടന്‍ സുരേഷ് ഗോപിയാണ്.

വേഴാമ്പല്‍ എന്ന ചിത്രത്തിലൂടെയാണ് രതീഷ് സിനിമയിലെത്തിയത്. എന്നാല്‍ അദ്ദേഹം ശ്രദ്ധേയനായത് 1979ല്‍ ഇറങ്ങിയ കെ.ജി ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ചാമരം, വളര്‍ത്തുമൃഗങ്ങള്‍, മുന്നേറ്റം, സംഘര്‍ഷം, തൃഷ്ണ തുടങ്ങി ധാരാളം സിനിമകളില്‍ നായക തുല്യനോ സഹനടനോവായി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. തുഷാരം എന്ന ചിത്രമായിരുന്നു രതീഷിന്റെ ജീവിതത്തിലെ വഴിത്തിരിവ്. കശ്മീര്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ച തുഷാരം അന്തരിച്ച നടന്‍ ജയന് വേണ്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം ആ റോള്‍ രതീഷിലേക്കെത്തുകയായിരുന്നു.

ശേഷം നിരവധി സിനിമകളില്‍ നല്ല വേഷങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചു. എന്നാല്‍ നല്ല സിനിമകള്‍ നോക്കി ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒന്നും നോക്കാതെ നായകനായും ഉപനായകനായും കിട്ടിയ വേഷങ്ങള്‍ വാരിവലിച്ച് ചെയ്തു. 2002ല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു രതീഷിന്റെ മരണം. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന അതിജീവിച്ചത്. പിന്നീട് ഡയാന ക്യാന്‍സര്‍ വന്ന മരണത്തോട് കീഴടങ്ങുകയായിരുന്നു.