“ഏത് പാതിരാത്രിക്കും വിളിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക” : സുരാജ് വെഞ്ഞാറമൂട് പറയുന്നു
1 min read

“ഏത് പാതിരാത്രിക്കും വിളിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക” : സുരാജ് വെഞ്ഞാറമൂട് പറയുന്നു

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്.

സിനിമാ മേഖലയില്‍ സുരാജിന് ഏറ്റവും അടുപ്പമുള്ള താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞിരുന്നു മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും കാരണമാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന്. രാജമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം സ്ലാങ് പഠിപ്പിക്കാന്‍ എത്തിയ സുരാജ് പിന്നീട് ആ ബന്ധം തുടരുകയും മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ സുരാജിന് അഭിനയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

ഏത് പാതിരാത്രിക്കും വിളിക്കാന്‍ സ്വാതന്ത്രയമുള്ള വ്യക്തിയാണ് മമ്മൂക്ക. ഞാന്‍ അധികം എല്ലാവരേയും വിളിക്കുന്ന ഒരാളല്ല. അത് പണ്ട് മുതലേ അങ്ങനെയാണ്. നമ്മുടെ മനസിലെ സ്നേഹം കാണിക്കാന്‍ എന്നും വിളിക്കണമെന്നില്ലല്ലോ എന്നും എന്ത് പ്രശ്നമുണ്ടായാലും വിളിക്കാനുള്ള സ്വാതന്ത്ര്യം മമ്മൂക്ക എനിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നുവെച്ച് ഞാന്‍ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും സുരാജ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പിന്നെ ഇതുപൊലെ വിളിക്കാറുള്ളത് ചാക്കോച്ചനെയും രാജൂനെയുമാണ്. എന്നാല്‍ അത് എന്താണ് ആവശ്യം എന്നത് അനുസരിച്ച് ഇരിക്കും. ഇടക്ക് മെസേജും ഇവര്‍ക്കെല്ലാം അയക്കാറുണ്ടെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

സുരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് പത്താം വളവ്. ഈ ചിത്രത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞു. പപ്പേട്ടന്റെ( എം. പത്മകുമാര്‍) പടത്തില്‍ അഭിനയിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം പത്താം വളവിന്റെ കഥയുമായി വരുന്നത്. രണ്ട് ഹീറോയുള്ള പടമാണ്. മറ്റേയാള്‍ ഇന്ദ്രജിത്താണ് എന്ന് പറഞ്ഞു. ഇടുക്കിയുടെ പ്രദേശത്ത് നടക്കുന്ന കഥയാണ്. എന്റെ മകളായിട്ട് മുക്തയുടെ മകളാണ് അഭിനയിക്കുന്നത്. അസാധ്യ അഭിനയമാണെന്നും അവള്‍ അടുത്ത മമാട്ടിക്കുട്ടിയാകുമെന്നും സുരാജ് വ്യക്തമാക്കുന്നു.