മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച് സൂപ്പർ താരം നാഗാർജുന
1 min read

മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച് സൂപ്പർ താരം നാഗാർജുന

ലോകസിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ ആർക്കും തർക്കമില്ല. അത് അദ്ദേഹത്തിന്റെ അഭിനയമികവ് കണ്ട് കാലങ്ങൾക്കു മുമ്പ് തന്നെ ജനങ്ങൾ അംഗീകരിച്ചതാണ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമയിലുള്ള പല പ്രമുഖരും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മികച്ച അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാര്‍ജ്ജുന. മകൻ അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന സിനിമയുടെ ടീസര്‍ കണ്ടാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ എത്തിയത്.

ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയിൽ സൈനിക ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. അത്തരത്തിൽ ഒരു പ്രതികരണമാണ് നാഗാർജുനയും നടത്തിയത്. ചിത്രത്തിന്റെ ഭാഗമായതിന് മമ്മൂട്ടിയെ അഭിനന്ദനങ്ങൾ അറിയിക്കുകയും അദ്ദേഹം ചെയ്തു. ഇതിഹാസമായ മമ്മൂട്ടി സാര്‍, ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം’ എന്നാണ് നാഗാര്‍ജ്ജുന തന്റെ ട്വിറ്റെർ പോസ്റ്റിൽ കുറിച്ചത്. ഒപ്പം ചിത്രത്തിന്റെ ടീസറും നാഗാര്‍ജുന പങ്കുവച്ചിട്ടുണ്ട്.

85 ലക്ഷത്തിലധികം പേരാണ് ഇതുവരെ ടീസര്‍ കണ്ടത്. മികച്ച പ്രതികരണമാണ് ടീസറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്നതാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി
പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുക. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് രാകുല്‍ ഹെരിയന്‍ ആണ്.

2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റൊഷാക്ക് എന്നിവയാണ് അടുത്തായി റിലീസിന് ഒരുങ്ങാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.