‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ
1 min read

‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ

മലയാള സിനിമ രംഗത്ത് നടൻ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ താരമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമയിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും ജീവിതവും നർമ്മത്തിന്റെ സഹായത്തോടെ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി. 1977 ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു തുടക്കത്തിൽ താരം കൈകാര്യം ചെയ്തത്. ആ വേഷങ്ങൾക്കൊടുവിൽ 1984 ൽ ഓടരുതമ്മവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി അദ്ദേഹം തിരക്കഥാകൃത്തിന്റെ മേൽ കുപ്പായം അണിയുക ഉണ്ടായി. അഭിനയത്തിൽ എന്നും ഒരു വ്യത്യസ്തത പുലർത്തിയ ആൾ കൂടിയാണ് ശ്രീനിവാസൻ.

താരത്തിന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുന്നവ തന്നെയാണ്. സാധാരണ സാമൂഹിക പ്രശ്നങ്ങളും അദ്ദേഹം തന്റെ സന്ദർഭ പ്രാധാന്യം കൊണ്ടും അവിസ്മരണീയമായ അഭിനയം കൊണ്ടും സിനിമയിൽ പ്രകടമാക്കുകയുണ്ടായി. താരം സംവിധാനം ചെയ്ത ചിത്രങ്ങളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ മേഖലയിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. എന്നാൽ ഇപ്പോൾ താരം ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചെത്തുവാൻ ഒരുങ്ങുകയാണ്. കീടം എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ തിരിച്ചുവരവിൽ അഭിനയം മാത്രമല്ല എഴുത്തും കൂട്ടിന്നുണ്ടായിരുന്നു.

എല്ലാകാലത്തും രാഷ്ട്രീയക്കാരെയും രാഷ്ട്രീയപാർട്ടികളെയും ഒരേപോലെ വിമർശിച്ച ആൾ കൂടിയായിരുന്നു ശ്രീനിവാസൻ. രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്നാണ് ശ്രീനിവാസൻ പറയുന്നത്. ജനാധിപത്യം എന്നല്ല തെമ്മാടിപത്യം എന്നാണ് പറയുക എന്ന് അദ്ദേഹം പറയുകയുണ്ടായി. ലവ്ഫുളി യുവർസ് വേദ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 40 വർഷത്തിലേറെയായി താൻ സിനിമ മേഖലയിൽ ഉണ്ടെന്നും ഇന്നുവരെ തന്നെ ആരും ഒരു ഓഡിയോ ലോഞ്ചിലും വിളിച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ടാണ് താരം തൻറെ വാക്കുകൾ ആരംഭിച്ചത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ…

“ഞാനൊരു സംഗീത ജ്ഞാനിയാണെന്ന് പലർക്കും അറിയില്ല. എന്റെ സംഗീത ബോധം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി ഒരു സംഗീത ആൽബം തയ്യാറാക്കണമെന്ന് കരുതിയിരുന്നു. എന്നാൽ അത് നീണ്ടുപോയി. ഇനി അധികം വൈകില്ല. അടുത്ത ഒന്ന് രണ്ടു മാസങ്ങൾക്കകം ഞാൻ ആ ഭാഗം ഇറക്കാനുള്ള പരിപാടിയിൽ ഏർപ്പെട്ടു കഴിഞ്ഞു. 25 ഗാനങ്ങൾ ഉണ്ടാകും. അതെല്ലാം സ്വയം എഴുതി ഈണമിട്ട് പാടും. ചില കാര്യങ്ങൾ പറയാനുണ്ട്.. പ്രധാനമായും ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ച്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ ജനാധിപത്യം ആണെന്നാണ് പറയുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഗ്രീസിൽ ആണത്രേ ജനാധിപത്യത്തിന്റെ ഒരു മാതൃകയുണ്ടായത്. കഴിവുള്ളവരെ ആണല്ലോ ഭരിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നത്. ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്കുണ്ടോ? എന്നാണ് അന്ന് തത്വചിന്തകൻ ആയിരുന്നു സോക്രട്ടീസ് ചോദിച്ചത്.

ജനാധിപത്യത്തിന്റെ പ്രശ്നം എന്താണെന്ന് അന്ന് സോക്രട്ടീസ് പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ ചുട്ട് വന്നിട്ട് അയാൾ ആത്മഹത്യ ചെയ്തേനെ. രാഷ്ട്രീയത്തിലെ പേരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം. ഇന്ത്യയിൽ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെയുള്ളത്. ഞാൻ ഇതിനെ ജനാധിപത്യം എന്നല്ല, മറിച്ച് തെമ്മാടിപത്യം എന്നാണ് പറയുക. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരിക്കുന്നു. അവർ കട്ടുമുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടെ കൂടി കഴിയാം. എന്നല്ലാതെ ഒരു പ്രതീക്ഷയും വേണ്ട. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്.”