അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല, മുമ്പെങ്ങനെയായിരുന്നോ അതു പോലെ തന്നെ: എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്
1 min read

അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല, മുമ്പെങ്ങനെയായിരുന്നോ അതു പോലെ തന്നെ: എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്

സിബിഐ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അഞ്ചാം എഡിഷനിലും മമ്മൂട്ടിക്കു മാറ്റമൊന്നുമില്ലെന്ന് പറയുകയാണ് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം സിനിമകളൊരുക്കിയ എഡിറ്ററാണ് ശ്രീകര്‍. എട്ട് ദേശീയ അവാര്‍ഡുകള്‍, മലയാളത്തില്‍ മാത്രമായി അഞ്ച് സംസ്ഥാന അവാര്‍ഡ്, തമിഴ് തെലുങ്ക് സംസ്ഥാന അവാര്‍ഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി കൈനിറയെ അംഗീകാരങ്ങളുമായി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട് ശ്രീകര്‍ പ്രസാദ്.

‘ഡയറക്ടര്‍ മധുസാര്‍ വിളിച്ചു ഈ പടം ചെയ്യണം, സിബിഐ യുടെ അഞ്ചാം എഡിഷനാണെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഇതിനു മുമ്പ് ഞാന്‍ സിബിഐ സീരീസുകളില്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് നേരത്തെ റിലീസ് ചെയ്ത സിബിഐ സിനിമകളെടുത്തു കണ്ടപ്പോള്‍ ഒരു ഐഡിയ കിട്ടി. അതിനുശേഷം സിബിഐ യുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മധുസാര്‍ വിളിച്ചു. കഥയെക്കുറിച്ചും സിനിമയുടെ ഒരു പൊതു സ്വഭാവത്തെക്കുറിച്ചും പറഞ്ഞു തന്നു.

മുമ്പ് വന്ന സിബിഐ പടങ്ങളില്‍ മമ്മൂട്ടി സാര്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ ഒരു മാറ്റവുമില്ലാതെ നില്‍ക്കുന്നതായി എനിക്ക് തോന്നി. 33 വര്‍ഷത്തിനുശേഷമാണ് സിബിഐ അഞ്ചാം എഡിഷന്‍ വരുന്നത്. മമ്മൂട്ടി സാറിന് ഒരു ചേഞ്ചും വന്നിട്ടില്ല. നമ്മളെയൊക്കെ അതിശയപ്പെടുത്തുന്ന കാര്യമാണത്. നാല് എഡിഷന്‍ വന്നു കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അഞ്ചാമത്തെ എഡിഷന്‍ വരുന്നത്.

ഓരോ പടത്തിലെയും ഓരോ ക്യാരക്ടറും ശക്തമാണ്… നോട്ടബിളാണ്. പ്രത്യേകിച്ച് മമ്മൂട്ടി സാര്‍ അവതരിപ്പിക്കുന്ന സേതുരാമയ്യര്‍. വളരെ രസകരമായ കഥാപാത്രമാണത്. വെരി ഇന്‍ട്രെസ്റ്റിംഗ് ക്യാരക്ടര്‍. ഓരോ എഡിഷനിലും വ്യത്യസ്തമായ കഥയാണ് പറയുന്നത്. പക്ഷേ മമ്മൂട്ടി സാറിലേക്ക് വരുമ്പോള്‍ ക്യാരക്ടറിന്റെ രീതികളും നിലപാടുകളും മാനറിസങ്ങളുമൊക്കെ ചെറിയൊരു വ്യത്യാസം പോലുമില്ലാതെ വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫസ്റ്റ് എഡിഷന്‍ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ കണ്ട മമ്മൂട്ടി സാറിനെ തന്നെയാണ് സെക്കന്‍ഡ് എഡിഷനിലും തേര്‍ഡിലും ഫോര്‍ത്തിലും കണ്ടത്. അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല. വളരെ അധികം സവിശേഷതകളുള്ള മമ്മൂട്ടി സാറിന്റെ ഏറ്റവും ശ്രദ്ധേയമായ ക്യാരക്ടറുകളില്‍ ഒന്നാണ് സിബിഐ യിലെ സേതുരാമയ്യരെന്നു ശ്രീകര്‍ പ്രസാദ് പറഞ്ഞു.

അതീവ ജാഗ്രതയോടെ കൃത്യമായും കറക് റ്റായും പ്ലാന്‍ ചെയ്താണ് ഓരോ ഷോട്ടും എടുത്തിരിക്കുന്നത്. മധുസാര്‍ സംവിധായകന്‍ മാത്രമല്ല വളരെ മികച്ച ഒരു സംഘാടകന്‍ കൂടിയാണെന്ന് തെളിയിക്കുന്ന സിനിമ കൂടിയാണ് സിബിഐ എന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത സിനിമ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് പറഞ്ഞു. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ് ഒന്നിനാണ് വേള്‍ഡ് വൈഡ് ആയി പ്രദര്‍ശനത്തിനെത്തുന്നത്.