‘ആ ചിത്രത്തിൽ മോഹൻലാൽ അനുഭവിച്ച ദുരന്തങ്ങൾ എന്റെ അച്ഛൻ അനുഭവിച്ചത് ‘ ശ്രീനിവാസൻ വെളിപ്പെടുത്തുന്നു
1 min read

‘ആ ചിത്രത്തിൽ മോഹൻലാൽ അനുഭവിച്ച ദുരന്തങ്ങൾ എന്റെ അച്ഛൻ അനുഭവിച്ചത് ‘ ശ്രീനിവാസൻ വെളിപ്പെടുത്തുന്നു

തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ നിന്നുകൊണ്ട് മലയാള സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. മനോഹരമായ ആസ്വാദനത്തോടൊപ്പം അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങൾ ശക്തമായ രാഷ്ട്രീയ വിമർശനം എല്ലായിപ്പോഴും മുന്നോട്ടുവെച്ചിട്ടുണ്ട്. അതാത് കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ വരച്ചുകാട്ടുന്നതിനോടൊപ്പം വ്യവസ്ഥകളെ വിമർശനാത്മകമായി സമീപിക്കുന്ന ശ്രീനിവാസൻ ശൈലി പുതിയ കാലത്തും ചലച്ചിത്രകാരന്മാർക്ക് ഒരു പഠന വിഷയം തന്നെയാണ്. ശക്തമായ രാഷ്ട്രീയ വിമർശനം മുന്നോട്ടുവയ്ക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ‘വരവേൽപ്പ്’ എന്ന ചിത്രം. 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. നായികയായി രേവതി എത്തിയ ചിത്രത്തിൽ മുരളി, സുകുമാരി, ജനാർദ്ദനൻ, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി അഭിനയ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. തൊണ്ണൂറുകളുടെ രാഷ്ട്രീയം പറഞ്ഞ് സിനിമ ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാകുന്നുണ്ട്. ഈ ചിത്രം തന്നെ വ്യക്തിജീവിതവുമായി എത്രത്തോളം അടുപ്പമുണ്ടെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ്.

മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വരവേൽപ്പ് എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മുരളീധരൻ എന്ന കഥാപാത്രത്തിന് ഉണ്ടായ അനുഭവങ്ങൾ തന്റെ പിതാവിന് സംഭവിച്ചതാണ് എന്ന് ശ്രീനിവാസൻ തുറന്നു പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു തന്റെ പിതാവ് വീടും സ്ഥലവും പണയം വെച്ചു കൊണ്ട് ബസ് വാങ്ങി. അതോടെ സ്വന്തം പാർട്ടിക്കാർക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂർഷയും ആയി. മാനസിക വളർച്ച എത്തിയിട്ടില്ലാത്ത പാർട്ടിക്കാർ പിതാവിനെ ഒടുവിൽ വലിയ ദുരന്തത്തിൽ ആണ് കൊണ്ടുചെന്നതെന്ന് ശ്രീനിവാസൻ പറയുന്നു. ഉത്സവ കളക്ഷൻ മുഴുവനും കൊണ്ട് കടന്നു കളഞ്ഞ ജഗദീഷിന്റെ കഥാപാത്രവും തുടർന്ന് അതേ കള്ളനെ തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് പറഞ്ഞു നടന്ന സമരവും എല്ലാം യഥാർത്ഥ സംഭവങ്ങളായിരുന്നു എന്ന് ശ്രീനിവാസൻ വെളിപ്പെടുത്തുന്നു. ഒടുവിൽ എല്ലാം തകർന്ന് തങ്ങൾ വാടകവീട്ടിലേക്ക് ജീവിതം മാറ്റുകയായിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു.

Leave a Reply