‘മലൈക്കോട്ടൈ വാലിബനില്‍ ഹൈ ഒക്ടേന്‍ ആയിട്ടുള്ള സീനുകള്‍ മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു’; സൊണാലി കുല്‍കര്‍ണി

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ മറാഠി സിനിമയിലെ പ്രമുഖ താരം സൊണാലി കുല്‍ക്കര്‍ണി, ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടി എന്നിവര്‍ ഭാഗമാകുന്നുണ്ടെന്ന് അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ സൊണാലി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. സിനിമയില്‍ ഹൈ ഒക്ടെയ്ന്‍ ആയിട്ടുള്ള ആക്ഷന്‍ സീനുകളുണ്ട്. അത് മോഹന്‍ലാല്‍ തനിയെ ചെയ്യുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നാണ് സൊണാലി പറയുന്നത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ്സ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്. ആദ്യമായി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍.

 

 

 

Related Posts