“മികച്ചൊരു സിനിമയായിരുന്നിട്ടും സിബിഐ 5ന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു” എന്ന് സംവിധായകൻ കെ.മധു
1 min read

“മികച്ചൊരു സിനിമയായിരുന്നിട്ടും സിബിഐ 5ന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു” എന്ന് സംവിധായകൻ കെ.മധു

മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നാണ് സി.ബി.ഐ സീരിസ്.  മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 ദി ബ്രെയിന്‍’ പുറത്തിറങ്ങിയിരുന്നു.  ചിത്രത്തിന് പ്രേക്ഷകരിൽ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്.  ഒരു വിഭാഗം മികച്ചതെന്ന് അവകാശവാദം ഉന്നയിച്ചപ്പോൾ, മറ്റൊരു വിഭാഗം പടം ആവറേഞ്ച് എന്ന നിലയ്‌ക്കാണ്‌ നോക്കികണ്ടത്.  ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ 5 – ലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് സ്വീകരണം ഏർപ്പെടുത്തിയിരുന്നു. സി.ബി.ഐ 5 ദ ബ്രെയിനിൻ എന്ന ചിത്രത്തിന് നേരേ നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും, അത് ഒരു പരിധിവരെ നടന്നുവെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ സംവിധായകന്‍ കെ മധു.  ഇത്തരം അപവാദ പ്രചരണങ്ങളെല്ലാം ചിത്രത്തിന് നേരേ നടന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ. മധു കൂട്ടിച്ചേർത്തു.

കെ. മധുവിൻ്റെ വാക്കുകൾ …

“മമ്മൂട്ടി ജീവിക്കുകയാണ് ഈ കഥാപാത്രമായി. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്.  മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്.  ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്.  ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കയ്യടിക്കുന്നതെന്നും, ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണെന്നും ഇപ്പോഴും ഈ സിനിമയ്ക്കും യുവത്വത്തിൻ്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ടെന്നും കെ. മധു വ്യക്തമാക്കുന്നു.

ആ ബന്ധത്തെ എവിടെയോ തച്ചുടയ്ക്കാന്‍, ആ അടുപ്പം തച്ചുടയ്ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചെന്നും അത് ഒരു പരിധി വരെ നടന്നതായും അദ്ദേഹം പറഞ്ഞു.  അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിയ്ക്ക് മറ്റാരോടും നന്ദി പറയാനില്ല.  ജഗദീശ്വരന്‍, എൻ്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്,” കെ മധു കൂട്ടിച്ചേർത്തു.

സി.ബി.ഐ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, അഭിനേതാക്കളായ സായ് കുമാര്‍, മുകേഷ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. റിലീസാവാനിരിക്കുന്ന സിനിമകളുടെ ചിത്രീകരണ തിരക്കുകൾ കാരണം മമ്മൂട്ടിയും, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജഗതി ശ്രീകുമാറും ചടങ്ങില്‍ നേരിട്ട് പങ്കാളികളായിരുന്നില്ല. ഓണ്‍ലൈനായിട്ടായിരുന്നു ഇരുവരും പരിപാടിയില്‍ പങ്കെടുത്തത്.