‘ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ’ ; പാപ്പനെ വാഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റര്‍
1 min read

‘ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ’ ; പാപ്പനെ വാഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റര്‍

ലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രമായിരുന്നു സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വച്ചിരുന്നു. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ സത്രീ കഥാപാത്രങ്ങള്‍. കാലമിത്ര കഴിഞ്ഞിട്ടും ഒരു സൂപ്പര്‍ താര ചിത്രത്തില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം കാണുക എന്നത് കണ്ടുകിട്ടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാല്‍ പാപ്പനിലെ മെയ്ന്‍ ത്രെഡായ കൊലപാതകപരമ്പരയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ പാപ്പന്‍ തന്നെയന്നതില്‍ സംശയമില്ല. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ജുവല്‍ മേരി, മാനസ രാധാകൃഷ്ണന്‍, സാധിക വേണുഗോപാല്‍, റോസിന്‍ ജോളി, പാര്‍വ്വതി മാല, സ്വാസിക, സജിത മഠത്തില്‍, സാവിത്രി ശ്രീധരന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം കണ്ടതിന് ശേഷം എല്ലാവരും എടുത്ത് പറഞ്ഞത് നിതാ പിള്ളയുടെ പോലീസ് വേഷമാണ്.

സുരേഷ് ഗോപിയുടെ കഥാപാത്രമായ എബ്രഹാം മാത്യൂവിന്റെ മകളായാണ് നിതാ പിള്ള വിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിന്‍സിക്കാണ് അന്വേഷണ ചുമതല. ബുദ്ധിമതിയായ, ബോള്‍ഡായ, മിടുക്കിയായ പൊലീസ് ഉദ്യോഗസ്ഥയാണ് വിന്‍സി. പാപ്പനും വിന്‍സിയും രണ്ട് വഴിയിലൂടെ അന്വേഷിച്ച് ഒരു സ്ഥലത്തേക്ക് തന്നെയാണ് ഒടുവില്‍ എത്തുന്നതും. ചിത്രത്തില്‍ നിതാ പിള്ളയുടെ വളരെ ശക്തമായ ഒരു കഥാപാത്രം തന്നെയായിരുന്നു. പോലീസ് വേഷം വളരെ മികച്ച രീതിയില്‍ തന്നെ നിതാ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോഷിയേട്ടന്റെ പാപ്പന്‍ കണ്ടുകഴിയുമ്പോള്‍ കൂടുതല്‍ മലയാളികള്‍ക്ക് സുപരിചിതയാകാന്‍ പോകുന്ന നിത പിള്ളയെ ആളുകള്‍ ലേഡി സുരേഷ് ഗോപി എന്ന് വിളിച്ചേക്കാമെന്ന് സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് തന്നെയാണ് സംഭവിച്ചതും.

മറ്റൊരു സ്ത്രീ കഥാപാത്രം ആശാ ശരത്ത് അവതരിപ്പിച്ച ഡോ. ഷേര്‍ലിയാണ്. പൊലീസിനെ വട്ടം ചുറ്റിക്കുന്ന കഥാപാത്രമാണ് ഷേര്‍ലി അവതരിപ്പിച്ചത്. ജീവിതകാലം മുഴുവന്‍ അവര്‍ ഒരു ചോദ്യത്തിനാണ് ഉത്തരം തേടിയത്. ആ ചോദ്യമാണ് ഈ സിനിമയുടെ അടിസ്ഥാനം. അതുപോലെ ചിത്രത്തിലെ ഏറ്റവും കയ്യടി നേടുന്ന പ്രകടനമാണ് ബെനീറ്റയുടെ അമ്മയെ അവതരിപ്പിച്ച സജിത മഠത്തില്‍ പുറത്തെടുത്തത്. നൈല ഉഷ വളരെ കുറച്ച് സമയം മാത്രമേ ഉള്ളുവെങ്കിലും തന്റെ നാന്‍സി എബ്രഹാം എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥയുടെയും കുറ്റവാളികളുടെയും സ്ഥാനത്ത് വരുന്നത് സ്ത്രീകളാണ്.