മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി തെന്നിന്ത്യന്‍ താരം സ്‌നേഹ ; വീഡിയോ വൈറല്‍
1 min read

മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി തെന്നിന്ത്യന്‍ താരം സ്‌നേഹ ; വീഡിയോ വൈറല്‍

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് സ്‌നേഹ. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തുന്നത്. 2012 ലായിരുന്നു സ്‌നേഹയുടേയും പ്രസന്നയുടേയും വിവാഹം. ധനുഷ് ചിത്രം പട്ടാസിലാണ് സ്‌നേഹ ഒടുവില്‍ അഭിനയിച്ചത്. വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും അവതരിപ്പിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയും സ്‌നേഹയും മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹ. മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയാണ് വൈറലാവുന്നത്. ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാന്‍ എത്തിയ സ്‌നേഹയുടെ സന്തോഷമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അണിയറപ്രവര്‍ത്തകരെല്ലാം മമ്മൂട്ടിയുമായി ഫോട്ടോ എടുത്തതിന്‌ശേഷം സ്‌നേഹയും മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കുന്നു. സ്‌നേഹ തുള്ളിച്ചാടിയാണ് തന്‍രെ സന്തോഷം പങ്കുവെക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.
‘മമ്മൂക്കായ്ക്ക് ചേരുന്ന ജോഡി തന്നെ..വിജയം ആവര്‍ത്തിക്കട്ടെ, മമ്മൂക്ക – സ്‌നേഹ കോംബോ ഇവര്‍ മുമ്പ് വന്ന സിനിമയില്‍ എല്ലാം നല്ല അടിപൊളി പെയര്‍ ആയിരുന്നു, ഞാന്‍ ഗുലാന്റെ പെണ്ണാ’ എന്നിങ്ങനെ നിരവധി കമന്റുകളാണ്.

മമ്മൂട്ടി നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം ക്രിസ്റ്റഫറില്‍ സ്‌നേഹയെകൂടാതെ ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരും നായികമാരായി എത്തുന്നുണ്ട്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ധിക്ക്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രവും മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.