‘സീതാ രാമം’ ആദ്യ ഷോ കണ്ട് കണ്ണു നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍ ഹിറ്റെന്ന് ആരാധകരും
1 min read

‘സീതാ രാമം’ ആദ്യ ഷോ കണ്ട് കണ്ണു നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍ ഹിറ്റെന്ന് ആരാധകരും

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതേസമയം, ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദുല്‍ഖറും, നായികയായ മൃണാള്‍ ഥാക്കൂറും സംവിധായകന്‍ ഹനു രാഘവപ്പുടിയെ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെക്കുന്നത്. ആ സന്തോഷം പിന്നീട് കരച്ചിലായി മാറുകയും ചെയ്തു. അതേസമയം പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ, ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസില്‍ ചിത്രത്തിന്റെ പ്രിമിയര്‍ നടന്നിരുന്നു. അവിടെ നിന്നും സീതാ രാമത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ദുല്‍ഖര്‍, ഈ ചിത്രത്തില്‍
മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. ദുല്‍ഖര്‍ ഇമോഷന്‍സ് നന്നായി തന്നെ കൈകാര്യം ചെയ്തു എന്നും അഭിപ്രായമുണ്ട്. അതുപോലെ, ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ ഥാക്കൂര്‍ കെമിസ്ട്രി നന്നായി തന്നെ സിനിമ കാണുന്നവരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ, പ്രധാന വേഷത്തില്‍ എത്തിയ രശ്മിക മന്ദാനയുടെ അഫ്രീന്‍ എന്ന കഥാപാത്രവും കയ്യടികള്‍ നേടുന്നുണ്ട്. ചിത്രത്തിന് മികച്ച ബുക്കിങായിരുന്നു തെലുങ്കില്‍ ലഭിച്ചത്.