“മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിയ്ക്ക് യോജിക്കാൻ കഴിയില്ല” : നിലപാട് വ്യക്തമാക്കി സിജു വിത്സൺ
1 min read

“മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിയ്ക്ക് യോജിക്കാൻ കഴിയില്ല” : നിലപാട് വ്യക്തമാക്കി സിജു വിത്സൺ

മലയാളികൾക്കും, പ്രത്യേകിച്ച് യുവാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട സംവിധയകന്മാരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ.  2010 – ല്‍ പുതുമുഖ താരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്.  ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ താരമാണ് സിജു വില്‍സണ്‍.  അതേസമയം അല്‍ഫോണ്‍സ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരത്തിലെ ജോണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിജു വില്‍സണെ ആളുകൾ കൂടുതലായി ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്.  പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ സിജു വിത്സൺ മലയാളത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു.

ഒമര്‍ ലുലു സംവിധായകനായി എത്തിയ ‘ഹാപ്പി വെഡ്ഡിങ്ങ്’ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലെത്തുകയും ചെയ്തു.  പിന്നീട് കുറച്ച് കാലത്തേയ്ക്ക് സിനിമകളിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ശേഷം സിജു വീണ്ടും നായക വേഷത്തിലെത്തുന്ന ചിത്രമാണ് വരയൻ.   ചിത്രം വരും ദിവസം റിലീസിനൊരുങ്ങുകയാണ്.  മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിയ്ക്ക് യോജിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യകത്മാക്കിയത്.

സിജു വിത്സൺൻ്റെ വാക്കുകൾ …

“മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് താൻ യോജിക്കുന്നില്ലെന്നും, ടാലന്റുണ്ടെങ്കിലേ ഇവിടെ നിലനില്‍ക്കൂ, പ്രത്യേകിച്ച് മലയാളം ഇന്‍ഡസ്ട്രിയില്‍.  ഒരാള്‍ക്ക് അത്രയും ടാലന്റ് ഉണ്ടെങ്കിലേ മലയാളി പ്രേക്ഷകര്‍ അംഗീകരിക്കും.  പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റണം, അല്ലെങ്കില്‍ അംഗീകരിക്കാന്‍ പറ്റണം എന്നതൊക്കെ നോക്കിയിട്ടാണ് താൻ തന്നെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും, പിന്നെ എല്ലാവര്‍ക്കും ഇവിടെ സ്‌പേസുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്.  കഴിവുള്ളവരൊക്കെ കയറിവരട്ടെ. ഒരുപാട് പുതിയ ആള്‍ക്കാര്‍ സിനിമയ്ക്ക് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ട്. അവരുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നത് ആരിലൂടെയാണെന്ന് പറയാന്‍ പറ്റില്ല.  ഞാനേറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് പുതിയ ടീമിൻ്റെ കൂടെയാണ്.  പിന്നെ എൻ്റെയടുത്തേയ്ക്ക് വരുന്നതില്‍ നിന്നുമാണ് ചൂസ് ചെയ്യുന്നതെന്നും” സിജു വില്‍സണ്‍ വ്യക്തമാക്കി.

അതേസമയം മെയ് – 20 നാണ് സിജു വിത്സൺ നായകനായി എത്തുന്ന ചിത്രം ‘വരയന്‍’ റിലീസ് ചെയ്യുന്നത്. ഹാസ്യം, ആക്ഷന്‍സ്, കുടുംബ ബന്ധങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സത്യം സിനിമാസിൻ്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് ‘വരയൻ’ നിര്‍മിച്ചിരിക്കുന്നത്. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനില്ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ലിയോണ ലിഷോയാണ് നായികയായി വേഷമിടുന്നത്.