‘മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയ റോള്‍, തനിയാവര്‍ത്തനത്തെക്കാള്‍ മികച്ച ക്യാരക്ടറാണ് മനസിലുള്ളത്’ ; സിബി മലയില്‍
1 min read

‘മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയ റോള്‍, തനിയാവര്‍ത്തനത്തെക്കാള്‍ മികച്ച ക്യാരക്ടറാണ് മനസിലുള്ളത്’ ; സിബി മലയില്‍

ലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങളുടേയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് സിബി മലയില്‍. കുറച്ച് വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്ത് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രതികരണം നേടി സിനിമ തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിബി മലയില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു ക്യാരക്ടര്‍ മനസിലുണ്ടെന്നും സ്‌ക്രീനിലേക്ക് വരുമ്പോള്‍ തനിയാവര്‍ത്തനത്തിലെ കഥാപാത്രത്തിനും മുകളില്‍ പോകാന്‍ സാധ്യതയുള്ള കഥാപാത്രമായിരിക്കുമെന്നും പറയുകയാണ്. കൊത്ത് ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

‘എന്റെ മനസ്സില്‍ ഒരു കാരക്ടര്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും നല്ല കാരക്ടറായി അത് വരണമെന്നാണ് കരുതുന്നത്. ഞാനും ഹേമന്തും കൂടിയാണ് അത് ചെയ്യണം എന്നാണ് വിചാരിക്കുന്നത്. മനസ്സില്‍ ഉള്ള ഒരു ആലോചന മാത്രമാണത്, മമ്മൂട്ടിയുടെ അടുത്തേയ്ക്ക് ഞാന്‍ എത്തിയിട്ടില്ല. അടുത്ത കാലത്തായി മമ്മൂട്ടി ചെയ്ത് വരുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ്. മമ്മൂട്ടി അടുത്ത കാലത്തായി പറയുകയുണ്ടായി ‘ഞാന്‍ എന്നെ തന്നെ തേച്ചുമിനുക്കികൊണ്ടിരിക്കുകയാണ്’ എന്ന്. മമ്മൂട്ടി അങ്ങനെ തേച്ച് മിനുക്കേണ്ട ആളല്ല. നന്നായി മിനുങ്ങി തിളങ്ങി നില്‍ക്കുന്ന,നാല്‍പത് വര്‍ഷങ്ങള്‍ കൊണ്ട് സ്വയം നവീകരിച്ച നടനാണ്. ഇനിയും കൂടുതല്‍ തിളക്കം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു നടന്‍ ശൈശവാസ്ഥയില്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്നാണ് നമുക്ക് ബോധ്യപ്പെടുന്നത്. അത്തരം ഒരാളെവെച്ച് സിനിമ ചെയ്യുന്നത് നമുക്ക് അത് വലിയ ഊര്‍ജമാണ് ‘ എന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയ്ക്ക് ചലഞ്ചിങ്ങായിട്ടുള്ള ഒരു ക്യാരക്ടര്‍ നല്‍കുക. അത് മമ്മൂട്ടി നന്നായി ചെയ്യും എന്നത് എല്ലാവര്‍ക്കും അറിയാം. അത് എന്റെ ക്യാമറയ്ക്ക് മുന്നില്‍ സംഭവിക്കണമെന്ന് എനിക്ക് വലിയ ഒരു ആഗ്രഹമുണ്ട്. തനിയാവര്‍ത്തനത്തിലെ കഥാപാത്രത്തിനും മുകളില്‍ പോകാന്‍ സാധ്യതയുള്ള കഥാപാത്രമായിരിക്കും. വളരെ പവര്‍ഫുള്‍ ആയിട്ടുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. ലാലിനൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് ഒരു താല്‍പര്യക്കുറവും ഇല്ല,സന്തോഷമേ ഉള്ളൂ. മമ്മൂട്ടി എന്റെ കാമറക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ, മോഹന്‍ലാലും എന്റെ ആക്ഷനും കട്ടിനും ഇടയില്‍ നില്‍ക്കണം എന്നാണ് എന്റെ ആഗ്രഹം. ആ ആഗ്രഹത്തെ ഒരു കാലത്തും ഇല്ലാതാക്കാന്‍ കഴിയില്ല.അതിനുള്ള അവസരം ഉണ്ടാവണമെന്നും സിബി മലയില്‍ വ്യക്തമാക്കുന്നു.