‘പ്രായത്തെ തോല്‍പ്പിച്ച രണ്ടുപേര്‍, കാലങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മാറി നില്‍ക്കുന്നു’; അനശ്വരമായ ഓര്‍മ്മ ഓര്‍ത്തെടുത്ത് ശ്വേത മേനോന്‍
1 min read

‘പ്രായത്തെ തോല്‍പ്പിച്ച രണ്ടുപേര്‍, കാലങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മാറി നില്‍ക്കുന്നു’; അനശ്വരമായ ഓര്‍മ്മ ഓര്‍ത്തെടുത്ത് ശ്വേത മേനോന്‍

രുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോന്‍. മോഡലിങ്ങില്‍ നിന്നുമാണ് ശ്വേതയുടേയും വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോന്‍ സിനിമയിലെത്തുന്നത്. ഈ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളായി ഇരുവരും. ചുരുക്കം സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും ശ്വേതയും ഒന്നിച്ചഭിനയിച്ചതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് അനശ്വരം. ചിത്രത്തിലെ താരപദം ചേതോഹരം മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനമാണ്. ഓണം റിലീസായി ഇറങ്ങിയ അനശ്വരം സിനിമ തീയറ്ററില്‍ വലിയ വിജയം നേടിയില്ല. പടം മോശമായതുകൊണ്ടല്ല വിജയം നേടാനാകാതെ പോയത്. അന്ന് ഒപ്പം ഇറങ്ങിയ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍- ജഗതി ശ്രീകുമാര്‍ കോംബോയുടെ കിലുക്കം ഉണ്ടാക്കിയ തരംഗത്തില്‍ അനശ്വരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വിജയമാകാതെ പോകുകയായിരുന്നു.

മമ്മൂട്ടി ഡാനിയല്‍ ഡിസൂസ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കാതറിന്‍ എന്ന നായികയെ ശ്വേത മേനോനും അവതരിപ്പിച്ചു. ഇപ്പോഴിതാ അനശ്വരത്തിന്റെ സമയത്ത് മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത. അടുത്തിടെ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രവും താരം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ക്യാപ്ഷനോടൊപ്പം മറ്റൊരാളാണ് ഈ ഫോട്ടോ എനിക്ക് അയച്ചു തന്നതെന്നും എല്ലാവരും എനിക്ക് വന്ന മാറ്റം മാത്രമായിരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. മമ്മൂക്ക ഇപ്പോഴും മധുര പതിനേഴിലാണ്. മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍. അതേ ചിരി, അനശ്വരം എന്നായിരുന്നു ശ്വേത ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. പ്രായത്തെ വെല്ലുവിളിച്ച രണ്ടുപേര്‍, രണ്ട്‌പേര്‍ക്കും ഒരു മാറ്റവുമില്ല, കാലങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മാറി നില്‍ക്കുന്നു, മലയാള സിനിമയില്‍ പ്രായം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കുന്ന താരങ്ങള്‍ ആരൊക്കെ എന്ന് ചോദിച്ചാല്‍ ആദ്യം മനസില്‍ എത്തുക മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തന്നെയാകും, എന്നൊക്കെയാണ് വരുന്ന കമന്റുകള്‍. ജോമോന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, കുഞ്ചന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച അനശ്വരം 1991 ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍ എന്നിവയാണ് റഇലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം റോഷാക്കിന്റെയും ക്രിസ്റ്റഫറിന്റെയും പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. വന്‍ സ്വീകരണമായിരുന്നു പോസ്റ്ററുകള്‍ക്ക് ലഭിച്ചത്. എംടി തിരക്കഥ സിനിമയാക്കുന്ന കഡുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്.