”ലാലേട്ടന്റെ രക്ഷകനാണ് ലിജോ എന്ന പ്രസ്താവനയോട് വ്യക്തിപരമായി യോജിപ്പില്ല”; ആരാധകന്‍ ശരത് രമേശിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

”ലാലേട്ടന്റെ രക്ഷകനാണ് ലിജോ എന്ന പ്രസ്താവനയോട് വ്യക്തിപരമായി യോജിപ്പില്ല”; ആരാധകന്‍ ശരത് രമേശിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്റെ നിര്‍മ്മാണമെന്നാണ് സൂചന നല്‍കി ഒരു പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ലിജോയും ലാലേട്ടനും ഒന്നിക്കുന്ന സിനിമ മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായി മാറട്ടെയെന്നും ആര്‍ട്ട് എന്ന രൂപത്തിലും വാണിജ്യ അടിസ്ഥാനത്തിലും സിനിമ വലിയ അംഗീകാരങ്ങള്‍ നേടട്ടെയെന്നും ആശംസിച്ച് ശരത്ത് രമേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ലാലേട്ടനും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറ്റവും ആവേശത്തോടെ സ്വീകരിക്കുന്ന ഒരു പ്രേക്ഷകനാണ് ഞാന്‍. ലാലേട്ടനെ ലിജോ ഏത് രീതിയിലാണ് അവതരിപ്പിക്കുക എന്നറിയാന്‍ വളരെ കൗതുകം ഉണ്ട്. FDFS എന്തായാലും ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ട് പുറത്ത് വന്നത് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പരാമര്‍ശങ്ങളാണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത്. ലാലേട്ടന്റെ സിനിമ സങ്കല്‍പ്പങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ലിജോയ്ക്ക് മാത്രമേ ഇനി സാധിക്കൂ , മോശം അവസ്ഥയില്‍ ഉള്ള ലാലേട്ടന്റെ രക്ഷകനാണ് ലിജോ എന്നിങ്ങനെയൊക്കെയുള്ള പ്രസ്താവനകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങളും കണ്ടുകാണുമല്ലോ. ഇത്തരം പ്രസ്താവനകളോട് എനിക്ക് ‘വ്യക്തിപരമായി’ യോജിപ്പില്ല.

ശരിയാണ്. ലാലേട്ടന്റെ കഴിഞ്ഞ കുറച്ച് സിനിമകള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് .ചില സിനിമകളുടെ സെലക്ഷനില്‍ കോവിഡും ഒരു ഘടകമായിട്ടുണ്ട് എന്നത് മറക്കാന്‍ പാടില്ല. കോവിഡ് കാരണം ഇന്‍ഡസ്ട്രി ഡെഡ് ആയി നിന്ന അവസ്ഥയില്‍ ധൈര്യപൂര്‍വം മാസ്‌കുമിട്ട് സിനിമ ചെയ്യാനിറങ്ങി ഇന്‍ഡസ്ട്രിയെ തിരികെ കൊണ്ട് വന്നതില്‍ ലാലേട്ടന്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാം.അന്ന് പരിമിതമായ സാഹചര്യങ്ങളില്‍ ചെയ്ത സിനിമകളില്‍ പലതും ഇപ്പോള്‍ കാണുമ്പോള്‍ നമ്മള്‍ പലര്‍ക്കും പല കുറവുകളും കാണാന്‍ കഴിയും. അത് ആരുടേയും കുറ്റമൊന്നുമല്ല.

ഇരുപതാം വയസിലാണ് നരേന്ദ്രന്‍ എന്ന കഥാപാത്രമായി മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ ലാലേട്ടന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. വര്‍ഷം 42 ആയിരിക്കുന്നു. 350ല്‍ പരം സിനിമകള്‍ ലാലേട്ടന്റെതായി ഇറങ്ങിക്കഴിഞ്ഞു. അദ്ദേഹം ചെയ്യാത്തതായ ജോണറുകള്‍ ഇല്ല. അതി ക്രൂരനായ വില്ലനായും, സഹനടനായും, തമാശക്കാരന്‍ ആയും, അതിമാനുഷിക നായകനായും, സാധാരണക്കാരില്‍ ഒരാളായും ഒക്കെ അദ്ദേഹത്തെ നമ്മള്‍ സിനിമകളിലൂടെ കണ്ടിട്ടുണ്ട്. ലാലേട്ടന് സംസ്ഥാന അവാര്‍ഡ് ആദ്യമായി കിട്ടിയ 1986 എന്ന വര്‍ഷം മാത്രം എടുത്ത് നോക്കാം. ഇരുപതിലധികം സിനിമകളാണ് ആ ഒരു വര്‍ഷം മാത്രം ലാലേട്ടന്റെതായി പുറത്തിറങ്ങിയത്.

ടി പി ബാലഗോപാലന്‍ എം എ എന്ന സിനിമയിലൂടെ അന്ന് ലാലേട്ടന് സംസ്ഥാന അവാര്‍ഡ് കിട്ടി. അതില്‍ അദ്ദേഹം ചെയ്ത ബാലഗോപാലന്‍ എന്ന കഥാപാത്രം നമ്മളില്‍ ഒരാളായി നമുക്ക് തോന്നിപ്പിക്കുന്ന കഥാപാത്രമാണ്. അതേ വര്‍ഷം തന്നെയാണ് യുവജനോത്സവവും അടിവേരുകളും ദേശാടനക്കിളികള്‍ കരയാറില്ലയും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും സുഖമോദേവിയും താളവട്ടവും അമൃതംഗമയയും ഒപ്പം അദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ ആക്കി മാറ്റിയ രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും ഒക്കെ സംഭവിക്കുന്നത് എന്നത് ഓര്‍ക്കണം. എത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.

1986ല്‍ ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ലാലേട്ടന്റെ പ്രായം 26 മാത്രമാണ് എന്നത് ഓര്‍ക്കണം. ഞാനൊരു ഉദാഹരണം പറഞ്ഞു എന്ന് മാത്രമേയുള്ളൂ. ഒരുപാട് മികച്ച സംവിധായകരുടെ കൂടെയും എഴുത്തുകാരുടെ കൂടെയും അഭിനേതാക്കളുടെ കൂടെയും ഒക്കെ പ്രവര്‍ത്തിച്ച് നാല്‍പ്പത്തിലധികം വര്‍ഷത്തെ അനുഭവസമ്പത്ത് നേടിയ നടനാണ് ശ്രീ മോഹന്‍ലാല്‍. അദ്ദേഹത്തിന് ഇനി കരിയറില്‍ എന്തെങ്കിലും അപ്‌ഡേഷന്‍ നല്‍കാന്‍ മറ്റൊരു വ്യക്തിയുടെ ആവശ്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഒരുപക്ഷേ സൗഹൃദങ്ങള്‍ക്ക് ഏറെ വില നല്‍കുന്ന ലാലേട്ടന്‍ അതിന്റെ അടിസ്ഥാനത്തില്‍ തന്റെ സിനിമകളുടെ സെലക്ഷനില്‍ പല അഡ്ജസ്റ്റ്‌മെന്റുകളും നടത്തിയിട്ടുണ്ടാകും. അത് ഒരു പക്ഷേ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ ഉള്ള ഒരു റിസള്‍ട്ട് അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടാകില്ല. ഒരു കഥാപാത്രം ചെയ്തു കഴിയുമ്പോള്‍ അത് ഏത് രീതിയിലാകും സ്‌ക്രീനില്‍ വരുക എന്ന ധാരണ കൃത്യമായി ലാലേട്ടന് തന്നെയുണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. മോഹന്‍ലാല്‍ എന്ന നടന്‍ തന്നിലെ കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കാന്‍ പുറത്തോട്ട് വരുകയാണ് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരത്തില്‍ അദ്ദേഹം ഒരു 2 സിനിമകള്‍ ചെയ്യുന്നത് വരെയേ ഉള്ളൂ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളുടെ ആയുസ്സ്.
പറഞ്ഞുവന്നത് ഇത്രമാത്രം. ലാലേട്ടന്റെ സിനിമാ സങ്കല്‍പ്പങ്ങളെ ലിജോ ജോസ് പല്ലിശ്ശേരി ആയിരിക്കില്ല സ്വാധീനിക്കാന്‍ പോകുന്നത്. ലിജോയുടെ സിനിമാസങ്കല്പങ്ങളെ 40 വര്‍ഷത്തിലധികം അനുഭവ സമ്പത്തുള്ള മോഹന്‍ലാല്‍ എന്ന ‘നടന്‍’ ആകും സ്വാധീനിക്കാന്‍ പോകുന്നത്.

ലിജോയും ലാലേട്ടനും ഒന്നിക്കുന്ന സിനിമ മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായി മാറട്ടെ. ആര്‍ട്ട് എന്ന രൂപത്തിലും വാണിജ്യ അടിസ്ഥാനത്തിലും സിനിമ വലിയ അംഗീകാരങ്ങള്‍ നേടട്ടെ.