‘തന്റെ ക്യാമറ കണ്ണുകളിലൂടെ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ’ : സന്തോഷ്‌ ശിവൻ തുറന്നുപറയുന്നു
1 min read

‘തന്റെ ക്യാമറ കണ്ണുകളിലൂടെ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ’ : സന്തോഷ്‌ ശിവൻ തുറന്നുപറയുന്നു

ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രഹന്മാരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. സിനിമയില്‍ തന്റെ ദൃശ്യങ്ങള്‍കൊണ്ട് മാജിക്ക് കാണിച്ച അദ്ദേഹം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഉറുമി, തഹാന്‍, ബിഫോര്‍ ദി റെയിന്‍സ്, പ്രാരംഭ, അനന്തഭദ്രം, അശോക, ദി ടെറോറിസ്റ്റ്, മല്ലി, ഹലോ, നവരസ എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. അഞ്ച് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്‌കാരങ്ങളും അടക്കം നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജുവാര്യരെ നായികയാക്കി മലയാളത്തിലും തമിഴിലും ഒരുക്കിയ ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. തമിഴ് ചിത്രത്തിന്റെ പേര് സെന്റീമീറ്റര്‍ എന്നാണ്. മെയ് 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് നടന്മാരുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആണ് അതില്‍ ആദ്യം പറഞ്ഞത്. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍, തമിഴ് നടന്‍ അജിത്ത് എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇവരോടൊപ്പം വര്‍ക്ക് ചെയ്ത് കൊതി തീര്‍ന്നിട്ടില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

താന്‍ ക്യാമറ കണ്ണൂകളിലൂടെ കണ്ട ഏറ്റവും മികച്ച നടനാണ് മോഹന്‍ലാല്‍ എന്നും സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നതും സന്തോഷ് ശിവനാണ്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് ബറോസ് ചിത്രത്തിന്റെ ഷൂട്ടിംങിനിടയില്‍ സന്തോഷ് ശിവന്‍ പറയുകയുണ്ടായി. മോഹന്‍ലാലിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സംവിധായകനെന്ന നിലയിലും ഛായാഗ്രഹകനെന്ന നിലയിലും ഏറ്റവും തിരക്കേറിയ ചലച്ചിത്ര പ്രവര്‍ത്തകനാണ് സന്തോഷ് ശിവന്‍. എന്നാല്‍ തികച്ചും സെലക്ടീവായിട്ടാണ് അദ്ദേഹം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പ്രഖ്യാപനം മുതല്‍ സിനിമാസ്വാദകരുടെ ഇടയിലെ ചര്‍ച്ചയാണ് ബറോസ്.