‘പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മില്‍ വ്യത്യാസമില്ല’; അഭിപ്രായം തുറന്നു പറഞ്ഞ് സായ് പല്ലവി
1 min read

‘പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മില്‍ വ്യത്യാസമില്ല’; അഭിപ്രായം തുറന്നു പറഞ്ഞ് സായ് പല്ലവി

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ അന്ന് മുതല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഒരു കൊച്ചു സുന്ദരിയായിരുന്നു സായ് പല്ലവി. എന്നാല്‍ ഇന്ന് തമിഴിലും, തെലുങ്കിലും, മലയാളത്തിലും നിരവധി ആരാധകര്‍ ഉള്ള ഒരു നടിയായി മാറിയിരിക്കുകയാണ് സായ്. പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടുകയും, സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. അഭിനയത്തിന് പുറമെ നൃത്തത്തിലും സായ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി എത്തിയ ശേഷമാണ് സായ് അഭിനയരംഗത്ത് കാലെടുത്ത് വയ്ക്കുന്നത്.

അതേസമയം, തമിഴിലെ ധൂം ധാം എന്ന സിനിമയിലൂടെയാണ് സായ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2016-ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായിക ആയി കലി എന്ന സിനിമയിലും അഭിനയിച്ച് ആരാധകരുടെ കൈയ്യടി നേടി.

ഇപ്പോഴിതാ, ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ പരാമര്‍ശം നടത്തി രംഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി. കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശമാണ് സായ് പല്ലവി നടത്തിയത്. ‘വിരാടപര്‍വ്വം’ എന്ന സായ് പല്ലവിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘ആശയപരമായി ഇടതോ വലതോ എന്ന് ചോദിച്ചാല്‍ അതില്‍ ഏതാണ് ശരിയെന്ന് അറിയില്ല, താന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ ചിലര്‍ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണ് ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും ഞാന്‍ കാണുന്നില്ലെന്നാണ് സായ് പറഞ്ഞത്. തന്നെ പഠിപ്പിച്ചത് മനുഷ്യനാകാനാണെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. അതേസമയം, നടിയുടെ പരാമര്‍ശത്തില്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ് ഒരു കൂട്ടര്‍. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായ് പല്ലവി’ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലാണ് വിദ്വേഷ പ്രചരണം നടത്തുന്നത്. സായ് പല്ലവിയുടെ പുതിയ ചിത്രമാണ് വിരാടപര്‍വ്വം. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാണ ദഗ്ഗുബട്ടിയാണ് നായകനായി എത്തുന്നത്.