‘സാമ്രാട്ട് പൃഥ്വിരാജ്’ വേള്‍ഡ് ക്ലാസ് സിനിമ; പുകഴ്ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്‌
1 min read

‘സാമ്രാട്ട് പൃഥ്വിരാജ്’ വേള്‍ഡ് ക്ലാസ് സിനിമ; പുകഴ്ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്‌

ബോളിബുഡിലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. പൃഥ്വിരാജ് ചൗഹാന്റെ ചരിത്രകഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തിയത് ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറാണ്. ചിത്രം തിയേറ്ററില്‍ എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന് വിചാരിച്ചത്ര നേട്ടം കൊയ്യാന്‍ സാധിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ചില്ലര്‍, മാനവ് വിജ്, അഷുതോഷ് റാണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 300 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തി.

ഇപ്പോഴിതാ സാമ്രാട്ട് പൃഥ്വിരാജിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന സിനിമയെ വേള്‍ഡ് ക്ലാസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡല്‍ഹിയിലെ ചാണക്യപുരി പിവിആര്‍ തിയേറ്ററില്‍ നിന്ന് സാമ്രാട്ട് പൃഥ്വിരാജ് കണ്ട മോഹന്‍ ഭാഗവത് പൃഥ്വിരാജിനെ പറ്റിയും, മുഹമ്മദ് ഗോറിയെ പറ്റിയും വായിച്ചിട്ടുണ്ടെന്നും, എന്നാല്‍ അത് മറ്റുള്ളവരായിരുന്നു എഴുതിയിരുന്നതെന്നും ഇതാദ്യമായാണ് ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും പൃഥ്വിരാജ് ചൗഹാനെ കാണുന്നതെന്നും പറഞ്ഞു. കൂടാതെ, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും ചരിത്രത്തെ നോക്കി കാണുകയാണ് നാമെന്നും, ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാന്‍, ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന ശക്തരായ നായകന്മാരെപ്പോലെ ഇന്ത്യക്കാര്‍ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ഭാഗവതിനൊപ്പം ആര്‍എസ്എസിന്റെ ഭാരവാഹികളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല, മന്‍മോഹന്‍ വൈദ്യ, ഭയ്യാജി ജോഷി, സുനില്‍ അംബേദ്കര്‍, നരേന്ദ്ര താക്കൂര്‍ എന്നിവരും ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തിയിരുന്നു. ആര്‍എസ്എസിന്റെ ഭാരവാഹികള്‍ക്കായി ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. മോഹന്‍ ഭാഗവതിനൊപ്പം അക്ഷയ് കുമാറും ചിത്രം കാണാനെത്തി. അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ സാമ്രാട്ട് പൃഥ്വിരാജിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തെയാണ് സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തില്‍ കാണിക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞത്.