“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു
1 min read

“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സൈക്കോ കഥാപാത്രമല്ല സിനിമയിലേതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സൈക്കോ ട്രീറ്റ്മെന്റ് ആണ് ചിത്രം നല്‍കുക. അത്രേയുള്ളു. സിനിമയിലെ കഥ വേറെ വേറെയാണെന്നും ഇതുമായിട്ട് കണക്ട് ചെയ്തു നോക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാവുന്നതല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൂടാതെ താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പുതുതായി മാറ്റം ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. പണ്ട് മുതല്‍ക്കെ താന്‍ ഒരേ സമയം സമാന്തര ആധുനിക സിനിമകള്‍ ചെയ്യാറുണ്ട്. സിനിമയില്‍ മാറ്റം വരുന്നത് കൊണ്ട് അത് ആധുനിക സിനിമയില്‍ പ്രതിഫലിക്കാറുണ്ടെന്നും മമ്മൂട്ടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

റോഷാക്കിന്റെ ചിത്രീകരണം അതിരപ്പിള്ളിയില്‍ പുരോഗമിക്കുകയാണ്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഡിസി കോമിക്‌സിന്റെ വാച്ച്‌മെന്‍ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്‌മെന്‍ എന്ന പേരില്‍ തന്നെ സിനിമയും വന്നിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി റോഷാക്ക് എന്ന ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെര്‍മന്‍ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടാന്‍ തുടങ്ങിയതും. സിനിമാ പ്രേമികള്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.