‘എല്ലാ ദിവസവും ഞാന്‍ മമ്മൂക്കയെ നോക്കി ഇരിക്കും, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നുണ്ടായിരുന്നില്ല’; റിയാസ് നര്‍മ്മകല
1 min read

‘എല്ലാ ദിവസവും ഞാന്‍ മമ്മൂക്കയെ നോക്കി ഇരിക്കും, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നുണ്ടായിരുന്നില്ല’; റിയാസ് നര്‍മ്മകല

നിരവധി മിമിക്രി പരിപാടികളിലൂടെ ജനങ്ങളെ കുടുകുട ചിരിപ്പിച്ച താരമാണ് റിയാസ് നര്‍മ്മകല. സ്‌ക്കൂള്‍ കാലം മുതല്‍ക്കേ മിമിക്രി രംഗത്ത് സജീവമായിരുന്ന റിയാസ് പിന്നീട് തിരുവനന്തപുരത്ത് നര്‍മ്മകല എന്നൊരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. അതിലൂടെ നിരവധി വേദികളില്‍ മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. മഴവില്‍ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ റിയാസ് ചെയ്ത മന്മഥന്‍ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പിന്നീട് 2017ല്‍ സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെ അഭിനയിച്ച് സിനിമാ രംഗത്തേക്ക് ചുവടുവെച്ചു. മാര്‍ച്ച് രണ്ടാം വ്യാഴം, വണ്‍ എന്നീ സിനിമകളില്‍ കൂടി അഭിനയിച്ചു.

ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക് എന്ന സിനിമയിലൂടെ വീണ്ടും താരം സിനിമയില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ റിയാസ് മമ്മൂട്ടിയെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. റോഷാക്ക് എന്ന സിനിമയില്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചതിന് മമ്മൂക്കയോട് ഒരുപാട് നന്ദിയുണ്ടെന്നും മമ്മൂക്കയെ സെറ്റില്‍ വെച്ച് കണ്ടിട്ട് കൊതി തീര്‍ന്നില്ലെന്നും റിയാസ് പറയുന്നു. ‘ ഞാന്‍ ഒരുപാട് വര്‍ഷങ്ങളായിട്ട് മിമിക്രിയും സ്റ്റേജ് ഷോയും എല്ലാമായിട്ട് നടന്ന ഒരാളാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് മമ്മൂട്ടി കമ്പനിയുടെ റോഷാക്ക് എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. ചെറിയ കഥാപാത്രമാണ്. ഒരുപാട് വലുതൊന്നുമല്ല. അത് ജീവിതത്തില്‍ നമുക്ക് കിട്ടാവുന്നതില്‍വെച്ച് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. അതിന് പ്രത്യേകം മമ്മൂക്കയോട് നന്ദി പറയുകയാണെന്നും’ റിയാസ് പറയുന്നു.

ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചെങ്കിലും എന്റെ അഭിനയമൊന്നുമല്ല ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഏഴെട്ടു ദിവസം ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞാന്‍ മമ്മൂക്കയെ നോക്കി ഇരിക്കുകയായിരുന്നു. കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല. ഇത്രയും അടുത്ത് അദ്ദേഹത്തെ കാണാന്‍ സാധിച്ചതും വലിയൊരു ഭാഗ്യമാണ്. വലിയൊരു യൂണിവേഴ്‌സിറ്റിയില്‍ ചെന്ന്‌പെട്ടത്‌പോലയായിരുന്നു. നിസാം ബഷീര്‍ എന്ന ഡയറക്ടര്‍ നമ്മളെയെല്ലാം കണ്‍ട്രോള്‍ ചെയ്ത് നന്നായി അഭിനയിപ്പിക്കുകയെല്ലാം ചെയ്തു. അത്‌കൊണ്ട് തന്നെ കുറച്ച് ഗുണം കൂടിയുണ്ടായി. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റിയാസ് വ്യക്തമാക്കി.

മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും കൌതുകമുണര്‍ത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ റോഷാക്ക് ചിത്രത്തിന്റേതായിരുന്നു. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.