പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കാനായി ഒരു ഐറ്റം വരുന്നുണ്ട്! അറ്റൻഷൻ പ്ലീസ് ഇന്നുമുതൽ ആരാധകരിലേക്ക്
1 min read

പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കാനായി ഒരു ഐറ്റം വരുന്നുണ്ട്! അറ്റൻഷൻ പ്ലീസ് ഇന്നുമുതൽ ആരാധകരിലേക്ക്

കാർത്തിക് സുബ്ബരാജ് എന്ന വ്യക്തിയുടെ സംവിധാന മികവിനെ കുറിച്ച് എടുത്തു പറയേണ്ട ആവശ്യമില്ല. പിസ, ജിഗ‍ർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങി പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സിനിമകൾ സംഭാവന ചെയ്ത കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായം ഇടുന്ന ആദ്യചിത്രം ആരാധകരുടെ മുന്നിലേക്ക് എത്താൻ പോവുകയാണ്. മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് എത്തുന്നു എന്ന വാർത്ത ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമായ അറ്റൻഷൻ പ്ലീസ് ഇന്നു മുതലാണ് ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത് .

ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന അറ്റൻഷൻ പ്ലീസ് ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ്. ഏതാനും സുഹൃത്തുക്കൾക്കിടയിൽ ഒരു മുറിയിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സിനിമയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ട്രെയിലർ നൽകുന്നത്. പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിയുന്ന കണ്ടന്റ് ഈ സിനിമയിലുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ചിത്രം ആദ്യ നിർമ്മാണ സംരംഭമായി പുറത്തിറക്കാൻ തീരുമാനിച്ചത് എന്ന് നേരത്തെ തന്നെ കാർത്തിക് സുബ്ബരാജ് തുറന്നു പറഞ്ഞിരുന്നു. അതേസമയം ഡബ്ബ് ചെയ്ത് മറ്റുള്ള ഭാഷകളിലേക്ക് ഇറക്കാതെ സിനിമയ്ക്ക് സബ്ടൈറ്റിൽ കൊടുത്തു കൊണ്ട് തന്നെ ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലൂടെ പ്ര. തൂ. മൂ എന്ന സിനിമയൊരുക്കി ആരാധകരുടെ മനസ്സ് കീഴടക്കിയ ജിതിൻ ഈ സിനിമയിലൂടെ വീണ്ടും ആരാധകർക്ക് നല്ല ഒരു സിനിമ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. നവാഗതരായ സംവിധായകർക്ക് അവസരങ്ങൾ ഒരുക്കുന്നു എന്ന അനൗൺസ്മെന്റ് കാർത്തിക് സുബ്ബരാജ് പുറത്തു വിട്ടതിന് പിന്നാലെയാണ് ആദ്യ ചിത്രമായി അറ്റൻഷൻ പ്ലീസ് ആരാധകർക്ക് മുന്നിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. വിഷ്ണു ഗോവിന്ദും ആതിര കല്ലിങ്കലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോൾ ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ, ജിക്കി പോൾ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാർത്തികേയൻ സന്താനവും നിത്യ മാർട്ടിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.