ജയ് ഭീമിന്റെ സംവിധായകന്റെ അടുത്ത ചിത്രത്തിൽ രജനികാന്ത്
1 min read

ജയ് ഭീമിന്റെ സംവിധായകന്റെ അടുത്ത ചിത്രത്തിൽ രജനികാന്ത്

സൂപ്പർസ്റ്റാറുകൾ സിനിമകളുടെ അനൗൺസ്മെന്റുകൾ എപ്പോഴും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ വളരെയേറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ അപ്ഡേഷനുകൾ വന്നിരിക്കുകയാണ്. രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഇപ്പോൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമ ലോകം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രങ്ങളിൽ ഒന്നായ ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത് . ‘തലൈവര്‍ 170’ എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി ഇപ്പോൾ പേരിട്ടിരിക്കുന്നത്. 2024ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോൾ ആലോചന.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും രജനികാന്ത് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റ പ്രമേയം എന്താണെന്ന് സംബന്ധിച്ച് സൂചനകള്‍ ഒന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. അനിരുദ്ധ് ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘ജയിലര്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്. സ്റ്റണ്ടി ശിവയാണ് സിനിമയുടെയും ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ജയിലറിൽ  മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ്‍കുമാറും  അതിഥി കഥാപാത്രങ്ങളായി എത്തുന്നുണ്ട് എന്ന പ്രത്യേകതയും ഉണ്ട് . വിജയ് കാര്‍ത്തിക് കണ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിനു വേണ്ടി ഒരു കൂറ്റന്‍ സെറ്റ്  ഒരുക്കിയിരുന്നു. ‘അണ്ണാത്തെ’യ്ക്കു ശേഷം രജനികാന്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ജയിലര്‍’.

രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇടം പിടിച്ചു കഴിഞ്ഞു . സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയില്‍ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ‘കോലമാവ് കോകില’യിലൂടെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍.   ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’  കരിയര്‍ ബ്രേക്ക് നൽകിയ ചിത്രം ആയിരുന്നു.  നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബീസ്റ് തിയേറ്ററിൽ വലിയ പരാജയമായിരുന്നു എന്നാൽ ജയിലറിലൂടെ തിരിച്ചുവരമെന്ന പ്രതീക്ഷയിലാണ് നെൽസൺ.